കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരരുടെ പദ്ധതി; ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കി പാക്കിസ്ഥാന്‍
national news
കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരരുടെ പദ്ധതി; ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കി പാക്കിസ്ഥാന്‍
ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 8:48 am

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്ത്യക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ഈ രഹസ്യാന്വേഷണ വിവരം ഇന്ത്യക്ക് പാക്കിസ്ഥാന്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അവന്തിപോരയ്ക്ക് സമീപം ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാനും ഇന്ത്യയും യു.എസിന് കൈമാറിയിട്ടുണ്ട്. മുന്നറിയിപ്പിനു പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് മുന്നറിയിപ്പുണ്ടായത്.

ഭീകരതയെ ചെറുക്കാന്‍ ആഗോള സമ്മേളനം വിളിക്കണമെന്നും ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടിയുണ്ടാകണമെന്നുമാണ് പാക്കിസ്ഥാനെ പരോക്ഷമായി മോദി കഴിഞ്ഞദിവസം വിമര്‍ശിച്ചത്.

‘കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ശ്രീലങ്കയില്‍ സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ചു. ലോകമെങ്ങും നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരതയുടെ ഹീനമായ മുഖം ഞാനവിടെ കണ്ടു’- ഈസ്റ്റര്‍ ഞായറാഴ്ച ലങ്കയില്‍ നടന്ന ചാവേറാക്രമണം സൂചിപ്പിച്ച് മോദി പറഞ്ഞു. ഭീകരതയെ ചെറുക്കാന്‍ എല്ലാ രാജ്യങ്ങളും സങ്കുചിതമായ വീക്ഷണങ്ങളില്‍ നിന്നു പുറത്തുവന്ന് ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഈവര്‍ഷം ഫെബ്രുവരി പതിനാലാം തീയതി ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.