Spoiler Alert
സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സന്‍ മുതലായവര്‍ കേന്ദ്രകഥാപാത്രങ്ങളായ അപ്പന്‍ ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയത്. കുടുംബത്തിലെ ഏറ്റവും തല മുതിര്‍ന്ന അപ്പന്‍ കാരണം ബാക്കി അംഗങ്ങള്‍ പൊറുതി മുട്ടിയ കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സംവിധായകന്‍ വെച്ചു നീട്ടുന്നത്.
അലന്‍സിയര്‍ അവതരിപ്പിച്ച ഇട്ടി എന്ന കഥാപാത്രം കിടപ്പിലാണെങ്കിലും വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കിടപ്പിലാവുന്നതിന് മുമ്പ് അയാള്‍ സ്വന്തം നാട്ടുകാര്‍ക്കും അന്യദേശക്കാര്‍ക്കും ഉപദ്രവകാരിയായിരുന്നു. അതിനാല്‍ തന്നെ അന്യദേശത്ത് പോലും ഇട്ടിയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ളവരുണ്ട്.
സ്‌നേഹത്തോടെ സംസാരിക്കുന്നവരോട് പോലും മര്യാദയോടെ അയാള്‍ പെരുമാറുന്നില്ല. മകനോടോ ഭാര്യയോടോ വിവാഹേതര ബന്ധമുള്ള ഷീലയോടോ ഒന്നും അയാള്‍ക്ക് സ്‌നേഹമില്ല. സമ്പാദ്യത്തേയും ബന്ധങ്ങളേയുമെല്ലാം അയാള്‍ സ്വന്തം സുഖത്തിനായാണ് ഉപയോഗിക്കുന്നത്. മരിക്കുന്നതിന് മുമ്പുള്ള എല്ലാ സുഖങ്ങളും ഭൂമിയില്‍ വെച്ച് തന്നെ അനുഭവിക്കണമെന്നതാണ് ഇട്ടിയുടെ ലൈന്‍.