'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല'; സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്‍സിയറുടെ മറുപടി
Entertainment news
'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല'; സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്‍സിയറുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th June 2022, 10:37 pm

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. പൊലീസ് റോളില്‍ സുരാജ് എത്തുന്ന ഈ സിനിമയില്‍ ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രസ്മീറ്റ് നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില്‍ പങ്കെടുത്തത്.

ഹെവന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സലിയര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുന്ന നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു അലന്‍സിയറുടെ കമന്റ്.

”വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. എന്റെ വൈഫിനെക്കുറിച്ച് സിനിമയില്‍ പറയുന്നില്ല, ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ.

ഇതില്‍ ഒരു നായികാ കഥാപാത്രമില്ല,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടിന്റെ ഈ മറുപടിക്ക് പിന്നാലെയായിരുന്നു ‘രസകരമെന്ന’ രീതിയില്‍ ഡബ്ല്യു.സി.സി സംഘടനയെ പരാമര്‍ശിച്ച് കൊണ്ടുള്ള അലന്‍സിയറിന്റെ കമന്റും വന്നത്.

”ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ.

സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,” അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതിയിലും ഡബ്ല്യു.സി.സിയെ പരാമര്‍ശിച്ച് കൊണ്ട് നടത്തിയ കമന്റിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Content Highlight: Alencier comment on women characters in the movie Heaven, starring Suraj Venjaramoodu