ആലപ്പുഴയില്‍ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; പരിക്കേറ്റവര്‍ ചികിത്സയില്‍
Kerala News
ആലപ്പുഴയില്‍ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; പരിക്കേറ്റവര്‍ ചികിത്സയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2025, 10:32 pm

ആലപ്പുഴ: കായംകുളം വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ നേരത്തെ ചത്തിരുന്നു. ചേര്‍ത്തലയില്‍ നിന്നെത്തിയ പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് നായയെ പിടികൂടിയത്.

നിലവില്‍ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേര്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. വെളളിയാഴ്ചയാണ് ഈ ആറ് പേരും നായയുടെ ആക്രമണം നേരിട്ടത്.

ഗംഗാധരന്‍, സഹോദരന്‍ രാമചന്ദ്രന്‍, ഹരികുമാര്‍, മറിയാമ്മ, രാജന്‍ (70) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ എന്നിവരുടെ മൂക്കിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്.

ഹരികുമാറിന്റെ വയറിലും രാമചന്ദ്രന്റെ കാലിലും കടിയേറ്റിട്ടുണ്ട്. ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നത് കേട്ട് നായയില്‍ നിന്ന് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

അയല്‍വീട്ടിലെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

പേവിഷബാധയേറ്റ നായ ചത്തതോടെ പ്രദേശത്തെ വളര്‍ത്തുമൃ?ഗങ്ങള്‍ക്കും തെരുവ് നായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയാണ്.

Content Highlight: Alappuzha stray dog rabies confirmed