പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി തമ്പുരാന്മാരുടെ മുഖത്ത് കുത്തിയ ധീരതയുടെ പേരാണ് വേടന്‍: ആലങ്കോട് ലീല കൃഷ്ണന്‍
vedan
പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി തമ്പുരാന്മാരുടെ മുഖത്ത് കുത്തിയ ധീരതയുടെ പേരാണ് വേടന്‍: ആലങ്കോട് ലീല കൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd July 2025, 9:30 pm

വേടനെ കുറിച്ച് സംസാരിക്കുകയാണ് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീല കൃഷ്ണന്‍. നാവില്ലാത്ത ലക്ഷകണക്കിന് മനുഷ്യരുടെ നാവാണ് വേടനെന്നും ഈ കാലം കണ്ട നവ നവോത്ഥാന നായക സ്ഥാനത്തേക്ക് വേടന്‍ എന്ന ചെറുപ്പക്കാരനെ എടുത്തുയര്‍ത്താന്‍ അഭിമാനം തോന്നുന്നുവെന്നും ആലങ്കോട് ലീല കൃഷ്ണന്‍ പറയുന്നു.

‘കടലിന്റെ മക്കളാ കടലിന്റെ എന്ന് പറയുമ്പോള്‍ ലക്ഷകണക്കിന് കടലിന്റെ മക്കള്‍ കണ്ണുനീരും പട്ടിണിയും വിശപ്പുമായി ജീവിതത്തോട് മല്ലടിച്ച് പൊടിഞ്ഞ് വീണ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് ചരിത്രത്തില്‍ രേഖപ്പെട്ട അനേകം കടലിന്റെ മക്കളുടെ ശബ്ദമാണ് ഈ വേടന്‍ പാടുന്നത്. അതുകൊണ്ട് വേടന്റെ പാട്ടില്‍ നാവില്ലാത്ത ലക്ഷകണക്കിന് മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

ഈ കാലം കണ്ട നവ നവോത്ഥാന നായക സ്ഥാനത്തേക്ക് ഈ ചെറുപ്പക്കാരനെ എടുത്തുയര്‍ത്താന്‍ അഭിമാനം തോന്നുന്നു. കാരണം നാവില്ലത്തവരുടെ ശബ്ദമാണ് ഈ കുട്ടി പറയുന്നത്. അയാള്‍ പറയുന്നുണ്ട് ഞാന്‍ തെരുവിന്റെ കുട്ടിയാണെന്ന്. അയാള്‍ വര്‍ഷങ്ങളായിട്ട് ഇവിടെ ഉണ്ടായിരുന്നു. പക്ഷെ വേടനെ ഇന്നേ നമ്മള്‍ കണ്ടിട്ടുള്ളു. പക്ഷെ വേദന പൊരിഞ്ഞ്, വീണ്, അവഗണിതനായി, നിന്ദിതനായി, നിരാശ്രയനായി, ഏകാകിയായി, ദരിദ്രനായി… എനിക്ക് ഇപ്പോഴും സ്വന്തമായി മണ്ണില്ല എന്ന് പറയുകയാണ്. പൂമാല ഡാമില്‍ വാടകകാന്‍ ഇപ്പോഴും താമസിക്കുന്നത്.

സ്വന്തം മണ്ണില്ലാത്തവരുടെ പ്രതിനിധിയായി പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി തമ്പുരാന്മാരുടെ മുഖത്ത് കുത്തിയ ധീരതയുടെ പേരാണ് വേടന്‍. ഞാന്‍ പാണനല്ല പുലയനല്ല നീ തമ്പുരാനുമല്ല, ആണേല്‍ ഒരു പുല്ലുമില്ല. പുല്ല് എന്നല്ല വേടന്‍ ഉപയോഗിച്ചിരിക്കുന്നത്. കുറേകൂടി ശക്തമായ വാക്കാണ്. ആ വാക്ക് ഒരു സോഫസ്റ്റിക്കേറ്റഡ് എഴുത്തുകാരനായതുകൊണ്ട് ഞാന്‍ പറയാന്‍ മടിക്കും. ഞാന്‍ പറയാന്‍ മടിക്കുന്നത് പറയുന്നവനെയാണ് ഞാന്‍ വേടന്‍ എന്ന് വിശേഷിപ്പിക്കുന്നത്,’ ആലങ്കോട് ലീല കൃഷ്ണന്‍ പറയുന്നു.

Content Highlight: Alankode Leelakrishnan says he feels proud to elevate Vedan to the position of the new renaissance leader of this era