ഐശ്വര്യയഴക്; റഹ്മാന്‍ മാജിക്കില്‍ അലൈകടല്‍ ഗാനത്തിന്റെ വീഡിയോ പുറത്ത്
Entertainment news
ഐശ്വര്യയഴക്; റഹ്മാന്‍ മാജിക്കില്‍ അലൈകടല്‍ ഗാനത്തിന്റെ വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 1:43 pm

സിനിമ കണ്ടിറങ്ങിയവരുടെ കണ്ണും മനസും ഒരേപോലെ നിറച്ച മണിരത്‌നം മാജിക്കായിരുന്നു പൊന്നിയന്‍ സെല്‍വന്‍. സിനിമയിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലി. ചിത്രത്തിലെ അലൈകടല്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. എ.ആര്‍.റഹ്മാന്റെ സംഗീതത്തില്‍ അന്താര നണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലിറിക്കല്‍ വീഡിയോ നേരത്തെ തന്നെ ഇറങ്ങിയിരുന്നുവെങ്കിലും പ്രേക്ഷകര്‍ ഇപ്പോള്‍ ഗാനരംഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ഗാനത്തില്‍ ഐശ്വര്യക്കൊപ്പം കാര്‍ത്തിയുടെ വല്ലവരായ വന്തിയത്തേവനുമുണ്ട്. എ.ആര്‍.റഹ്മാന്റെ സംഗീതത്തിനൊപ്പം അന്താര നണ്ടിയുടെ ശബ്ദവും കൂടിച്ചേരുമ്പോള്‍ കേള്‍വിക്കാരന്റെ മനസും ചെറിയ പായ്ക്കപ്പലിലൂടെ സഞ്ചരിക്കും.

അത്രയേറെ കേള്‍വിക്കാരന്റെ ഹൃദയത്തെ കീഴടക്കാനുള്ള വശ്യത ആ ഗാനത്തിനുണ്ട് എന്നാണ് പ്രക്ഷകര്‍ പറയുന്നത്.സിനിമയുടെ ആസ്വാദനത്തെ പൂര്‍ണമാക്കുന്നതില്‍ അതിലെ ഓരോ ഗാനത്തിനും വലിയ പങ്കുണ്ട്.

അത്തരത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് അലൈകടല്‍ എന്ന ഗാനം. ഇരവിന്റെ നീലിമയില്‍ കടലാഴങ്ങളിലൂടെ പായ്ക്കപ്പലില്‍ സഞ്ചരിക്കുന്ന പൂങ്കുഴലിയുടെയും വല്ലവരായ വന്തിയത്തേവന്റെയും യാത്രക്കൊപ്പമാണ് റഹ്മാന്റെ സംഗീതം സഞ്ചരിക്കുന്നത്. വാളിനും വാക്കിനും ഒരു പോലെ വെല്ലുന്നവനായ കാര്‍ത്തിയുടെ വല്ലവരായന്റെ കുറുമ്പ് കലര്‍ന്ന ചെറിയ നോട്ടങ്ങളും പാട്ടിന് അഴക് പകരുന്നു.

പതിഞ്ഞ താളത്തിലൂടെയാണ് പാട്ട് സഞ്ചരിക്കുന്നത്. ഈ പാട്ടിന് ഭംഗി കൂട്ടുന്നതിലെ പ്രധാന ഘടകം ഗാനരംഗങ്ങള്‍ തന്നെയാണ്. ഓരോ വിഷ്വല്‍സും മികവോടെ പകര്‍ത്താന്‍ കഴിഞ്ഞത് രവി വര്‍മ്മന്റെ ക്യാമറയിലൂടെയാണ്.

 

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, ജയറാം തുടങ്ങി ജനപ്രിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നിട്ടുണ്ട്. ചോളരാജകുടുംബത്തിന്റെ ചരിത്രം പറയുന്ന ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. ഒ.ടി.ടി റിലീസിനുശേഷവും സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തമിഴില്‍ ഏറ്റവും അധികം വരുമാനം നേടിയ ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍.

CONTENT HIGHLIGHT: ALAIKADAL VIDEO SONG RELEASED