ഛോട്ടാ മുംബൈയിലെ ഒരു ടഫ് ഷോട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ 'അണ്ണൻ പൂണ്ട് വിളയാട്' എന്നായിരുന്നു ലാൽ സാറിന്റെ മറുപടി: അളഗപ്പൻ
malayalam movie
ഛോട്ടാ മുംബൈയിലെ ഒരു ടഫ് ഷോട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ 'അണ്ണൻ പൂണ്ട് വിളയാട്' എന്നായിരുന്നു ലാൽ സാറിന്റെ മറുപടി: അളഗപ്പൻ
നന്ദന. ടി
Monday, 24th August 2026, 11:15 am

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അളഗപ്പൻ. ദൂരദർശൻ ടെലിഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. സമ്മാനം എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. പിന്നീട് അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ തുടങ്ങി ശ്രദ്ധേയമായ നിരവധിയേറെ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. 2013-ൽ ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തതും അദ്ദേഹമാണ്.

നിരവധി ചലച്ചിത്ര-ടെലിവിഷൻ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ്.

അളഗപ്പൻ. Photo. Screen grab/ Youtube

ഛോട്ടാ മുംബൈ’ സിനിമയുടെ കഥ കേട്ടപ്പോൾ തനിക്ക് സിനിമയെക്കുറിച്ച് യാതൊരു ഐഡിയയും കിട്ടിയിരുന്നില്ല എന്ന് പറയുകയാണ് ഛായാഗ്രാഹകൻ അളഗപ്പൻ.

‘ഛോട്ടാ മുംബൈയുടെ കഥ കേട്ടപ്പോൾ എനിക്ക് ഭയങ്കര കൺഫ്യൂഷനായിരുന്നു. ഇതൊരു സ്ലാപ്സ്റ്റിക് കോമഡി പടമാണോ, കഥ ശരിക്കും നടക്കുന്നതാണോ എന്ന്. കാരണം കുറെ കഥാപാത്രങ്ങങ്ങളുടെ പിന്നാലെ ക്യാമറ ഫോളോ ചെയ്യുകയാണ്. അപ്പോൾ മൊത്തത്തിൽ കൺഫ്യൂഷനായിരുന്നു. ഈ സിനിമയുടെ കഥ കേട്ടുകഴിഞ്ഞപ്പോഴാണ് ഫോർട്ട് കൊച്ചിയിൽ ഇങ്ങനെ ഒരു കൾച്ചർ ഉണ്ടെന്ന് ഞാൻ അറിയുന്നത്. അങ്ങനെ ഫോർട്ട് കൊച്ചിയിൽ പോയി ചില ദാദാ കഥാപാത്രങ്ങളുടെ റഫറൻസിന് വേണ്ടി ചില ആളുകളെയൊക്കെ കാണിച്ചുതന്നു,’ അദ്ദേഹം പറഞ്ഞു.

സിനിമ വൈബ്രന്റ് ആയിരിക്കണമെന്ന് സംവിധായകൻ അൻവർ റഷീദിന്റെ നിർദേശമുണ്ടായിരുന്നു എന്നും, അങ്ങനെ മെക്സിക്കൻ സിനിമകളുടെ ടോൺ പിടിക്കട്ടെയെന്ന് താൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

‘സംവിധായകൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നത് ഫിലിം കാണാൻ നല്ല വൈബ്രന്റ് ആയിട്ടിരിക്കണം എന്നാണ്. അപ്പോൾ ഞാൻ ഒരു മെക്സിക്കൻ ഫിലിം ടോൺ ക്രിയേറ്റ് ചെയ്താലോ എന്ന് ചോദിച്ചു. സിറ്റി ഓഫ് ഗോഡ് പോലുള്ള സിനിമകളിലെ ബ്ലാസ്റ്റിംഗ് കളർ ടോണൊക്കെ മനസിലുണ്ട് എന്ന് പറഞ്ഞപ്പോൾ അൻവർ റഷീദ് അങ്ങനെ തന്നെ ചെയ്തോളാൻ പറഞ്ഞു,’ അളഗപ്പൻ പറഞ്ഞു.

കോമഡിക്കപ്പുറം കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു ഛോട്ടാ മുംബൈ എന്നും അളഗപ്പൻ പറഞ്ഞു. സംവിധായകൻ അൻവർ റഷീദ് തനിക്ക് തന്ന സ്വാതന്ത്ര്യം, നടൻ മോഹൻലാൽ അടക്കമുള്ള മറ്റ് ആർട്ടിസ്റ്റുകളുടെ സഹകരണം എന്നിവകൊണ്ടാണ് സിനിമ സാധ്യമായതെന്ന് അളഗപ്പൻ കൂട്ടിച്ചേർത്തു.

‘സിനിമയിൽ ഹ്യൂമർ ഉണ്ടെങ്കിലും കഥാപാത്രങ്ങളൊക്കെ ഭയങ്കര സ്ട്രോങ്ങാണ്. ഓരോരുത്തർക്കും ഒരു ഇൻഡിവിജ്വാലിറ്റി ഉണ്ട്, അപ്പോൾ ലെൻസിംങ് ഒക്കെ പ്രധാനമായിരുന്നു. പിന്നെ അൻവർ ഭയങ്കര കോൺഫിഡന്റായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ചേട്ടാ കലക്കി എന്നൊരു വാക്ക് മാത്രം പറയും.

സിനിമയിലെ ഒരു സീനിൽ മോഹൻലാലിനോട് സർ, ഇത് കുറച്ചു ടഫ് ഷോട്ട് ആണ് എന്ന് പറഞ്ഞപ്പോൾ അണ്ണൻ പൂണ്ട് വിളയാട് എന്ന് പറഞ്ഞ് പൂണ്ട് വിളയാടുകയായിരുന്നു. അൻവർ റഷീദ് തന്ന ഫ്രീഡവും മോഹൻലാലിന്റെയും മറ്റ് ആർട്ടിസ്റ്റുകളുടെയും സഹകരണവും ഇല്ലായിരുന്നെങ്കിൽ ആ പടം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല,’ അളഗപ്പൻ പറഞ്ഞു.

ഛോട്ടാ മുംബൈ. Photo. Reddit

Content Highlight: Alagappan talks about his experience of working in the movie Chotta Mumbai

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം