1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച്, മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അളഗപ്പന്‍ വര്‍ക്ക് ചെയ്തിരുന്നു.
2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നുവന്നു. ഇപ്പോള്‍ സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അഗ്നിസാക്ഷി സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിന് വേണ്ടി ഹരിദ്വാറില്‍ പോയതിനെ കുറിച്ച് പറയുകയാണ് അളഗപ്പന്‍.
‘അഗ്നിസാക്ഷി സിനിമയുടെ ക്ലൈമാക്‌സിന് ഹരിദ്വാറില്‍ ഷൂട്ടിങ്ങുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങെന്ന് പറഞ്ഞായിരുന്നു അന്ന് ഞങ്ങള്‍ പോയത്. ആ ദിവസം ശോഭനയും അവിടെ എത്തി. എന്നാല്‍ അവര് റൂമൊന്നും ചോദിച്ചില്ല.
ഓപ്പണ്‍ പ്ലേസ് ആയിട്ടും അവിടെ വെച്ച് തന്നെ ഡ്രസ് ചെയ്ഞ്ച് ചെയ്‌തോളാം എന്ന് ശോഭന പറഞ്ഞു. ഒരു ടെന്റ് ഉണ്ടാക്കാന്‍ പറഞ്ഞതും ഡ്രസ് മാറ്റാനായി ടെന്റുണ്ടാക്കി കൊടുത്തു. ശോഭന വളരെ ഇന്‍വോള്‍മെന്റ് ആയത് കൊണ്ട് നമ്മളുടെ കയ്യില്‍ ബജറ്റ് അത്രയ്ക്ക് ഇല്ലെന്ന് മനസിലാക്കിയിരുന്നു.
രജിത് കപൂറിനും കാര്യം മനസിലായിരുന്നു. അവര്‍ രണ്ടുപേരും സിനിമയുമായി അത്ര അടുത്ത് നിന്നിരുന്നു. ശോഭന ഉച്ചയ്ക്ക് കിടന്ന് ഉറങ്ങിയത് പോലും അവിടെ പാറപ്പുറത്ത് പേപ്പറ് വിരിച്ചിട്ടായിരുന്നു. ആരും കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല,’ അളഗപ്പന്‍ പറയുന്നു.
ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയെന്ന നോവലിനെ അടിസ്ഥാനമാക്കി അതേപേരില്‍ ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഇത്. 1999ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശോഭന, രജിത് കപൂര്‍, ശ്രീവിദ്യ, പ്രവീണ, മധുപാല്‍, മാടമ്പു കുഞ്ഞുക്കുട്ടന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഒമ്പത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അഗ്നിസാക്ഷിക്ക് ലഭിച്ചിരുന്നു.
Content Highlight: Alagappan Talks About Agnisakshi Movie And Shobana