'ലയണല്‍ മെസിക്ക് ശേഷം ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരന്‍': അല്‍ സവ്‌റ താരം ഹസന്‍ അബ്ദുള്‍കരീം
Sports News
'ലയണല്‍ മെസിക്ക് ശേഷം ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരന്‍': അല്‍ സവ്‌റ താരം ഹസന്‍ അബ്ദുള്‍കരീം
ശ്രീരാഗ് പാറക്കല്‍
Wednesday, 24th December 2025, 11:15 am

എ.എഫ്.സി കപ്പില്‍ ഇന്ന് അല്‍ നസറും അല്‍ സവ്‌റയും ഏറ്റുമുട്ടാനിരിക്കുകയാണ്. ഇതോടെ മത്സരത്തിന് മുന്നോടിയായി അല്‍ നസര്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് അല്‍ സവ്‌റ മിഡ്ഫീല്‍ഡര്‍ ഹസന്‍ അബ്ദുള്‍കരീം. ലയണല്‍ മെസി കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് റൊണാള്‍ഡോയെന്ന് ഹസന്‍ അബ്ദുള്‍കരീം പറഞ്ഞു. സ്‌പോര്‍ട് കീടയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

‘ഞങ്ങളുടെ ടീം മത്സരത്തിനായി നന്നായി തയ്യാറെടുത്തിട്ടുണ്ട്, അല്‍ നസറിനെപ്പോലുള്ള ഒരു വലിയ ടീമിനെ നേരിടാനുള്ള മനോവീര്യം ഞങ്ങള്‍ക്കുണ്ട്, അവര്‍ക്ക് മികച്ച താരങ്ങളുണ്ട്. ലയണല്‍ മെസിക്ക് ശേഷം ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരനായ റൊണാള്‍ഡോയ്ക്കെതിരെ കളിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്,’ ഹസന്‍ അബ്ദുള്‍കരീം പറഞ്ഞു.

അതേസമയം ക്രിസ്റ്റിയാനോയെ പരിഹസിച്ചാണ് ഹസന്‍ അബ്ദുള്‍കരീം സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ സവ്‌റയുമായുള്ള മത്സരത്തില്‍ കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അല്‍ നസിറിന് വേണ്ടി കളിക്കുന്ന മത്സരങ്ങളിലെല്ലാം റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ 123 മത്സരത്തില്‍ നിന്ന് 110 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കൂടാതെ ഫുട്‌ബോള്‍ ലോകത്ത് 954 ഗോളുകളുമായാണ് റോണോയുടെ തേരോട്ടം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയും റോണോയ്ക്കാണ്. 1000 ഗോള്‍ എന്ന സ്വപ്‌ന നേട്ടത്തിലേക്കാണ് റോണോ കുതിക്കുന്നത്. മെസി ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമനായും തുടരുകയാണ്. നിലവില്‍ 896 ഗോളുകളാണ് അര്‍ജന്റൈന്‍ താരം അടിച്ചെടുത്തത്.

നിലവില്‍ എ.എഫ്.സി കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരാണ് അല്‍ നസര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ചും വിജയിച്ചാണ് അല്‍ നസര്‍ മുന്നേറിയത്. 15 ഗോളുകളാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനക്കാരായ അല്‍ സവ്‌റ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റാണ് നേടിയത്.

Content Highlight: Al-Zawra midfielder Hassan Abdulkarim talks about Al-Nasr superstar Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ