യു.എസ് തലയ്ക്ക് 10 മില്യണ്‍ ഇനാം പ്രഖ്യാപിച്ചിരുന്ന അല്‍ഖ്വയ്ദ നേതാവ് വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടു
World
യു.എസ് തലയ്ക്ക് 10 മില്യണ്‍ ഇനാം പ്രഖ്യാപിച്ചിരുന്ന അല്‍ഖ്വയ്ദ നേതാവ് വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th November 2025, 12:57 pm

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദയുടെ മുന്‍ അംഗവും സിറിയന്‍ പ്രസിഡന്റുമായ അഹ്‌മദ് അല്‍ ഷറ വൈറ്റ്ഹൗസിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇതിലൂടെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സിറിയന്‍ നേതാവായി അല്‍ ഷറ മാറി.

തിങ്കളാഴ്ചയായിരുന്നു ട്രംപ്-അല്‍ ഷറ കൂടിക്കാഴ്ച. യു.എസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്നും അല്‍ ഷറയെ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് സന്ദര്‍ശനം. ഈ വര്‍ഷമാദ്യം സൗദി അറേബ്യയില്‍ വെച്ച് ട്രംപ് അല്‍ ഷറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.എസ് ഭീകരതയുടെ സ്‌പോണ്‍സറെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സിറിയയില്‍ മതഭീകരവാദിയായ അല്‍ ഷറ ഭരണമേറ്റതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തായായാണ് യു.എസ് കണക്കാക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം അല്‍ ഷറയെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ തീവ്രവാദ ഭൂതകാലത്തെ നിസാരവത്കരിച്ചുമാണ് ട്രംപ് സംസാരിച്ചത്.

നമുക്കെല്ലാവര്‍ക്കും ദുഷ്‌കരമായ ഭൂതകാലങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സിറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ആറ് മാസത്തേക്ക് കൂടി നിര്‍ത്തിവെച്ചതായും ട്രംപ് പ്രഖ്യാപിച്ചു.

അതേസമയം, അല്‍ ഖ്വയ്ദയുമായുള്ള ബന്ധം കഴിഞ്ഞകാലമാണെന്നും അതേകുറിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തില്ലെന്നും അല്‍ ഷറ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു.എസിനെ സഖ്യകക്ഷിയായാണ് കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സിറിയ-യു.എസ് ഉഭയകക്ഷി ബന്ധങ്ങള്‍, അവ ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍, പൊതുതാത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവയാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സിറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മത ഭീകര സംഘടനായയ ഐ.എസ്.ഐ.എസിന് എതിരെയുള്ള ആഗോള സഖ്യത്തില്‍ സിറിയ ചേരുമെന്നും അതിലെ 90ാമത്തെ അംഗമാകുമെന്നുമാണ് യു.എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചിരിക്കുന്നത്.

നീണ്ടകാലം സിറിയ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്ന ബഷര്‍ അല്‍ അസദിനെ വിമത പ്രവര്‍ത്തനത്തിലൂടെ പുറത്താക്കി ഭരണത്തിലേറിയ തീവ്ര ഇസ്‌ലാമിക വാദിയും ഭീകര സംഘടന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഹയാത്ത് തഹ്‌രിര്‍ അല്‍ ഷാം (എച്ച്.ടി.എസ്)എന്ന സംഘടയുടെ നേതാവുമാണ് അല്‍ ഷറ.

അല്‍ ഖ്വയ്ദയില്‍ നിന്നും 2016ല്‍ വേര്‍പിരിഞ്ഞതിന് ശേഷം സ്ഥാപിക്കപ്പെട്ട എച്ച്.ടി.എസിന്റെ നേതൃത്വത്തിലാണ് 2024ല്‍ അല്‍ ഷറ, അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണത്തിലേറിയത്.

അല്‍ അസദ് ഭരണകാലത്ത് തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയതിന്റെ പേരില്‍ അല്‍ ഷറയെ കുറിച്ച് വിവരം നല്‍കുന്നതിന് യു.എസ് 10 മില്യണ്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

അല്‍ അസദ് റഷ്യയുമായും ഇറാനുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ തന്നെ പ്രഖ്യാപിത ശത്രുവായാണ് സിറിയയെ യു.എസ് കണക്കാക്കിയിരുന്നത്. എന്നാല്‍ എച്ച്.ടി.എസ് ഭരണം പിടിച്ചതിനുശേഷം യു.എസുമായും വെസ്‌റ്റേണ്‍ ശക്തികളുമായി അടുത്തബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

അല്‍ ഷറയുടെ സന്ദര്‍ശനം സിറിയയുടെ യു.എസുമായുള്ള സുരക്ഷാ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ്. യു.എസിന്റെ നാറ്റോ പങ്കാളിയായ തുര്‍ക്കിയുമായി അല്‍ ഷറയുടെ ഭരണകൂടം അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്.

അതേസമയം, യു.എസില്‍ അല്‍ ഷറയ്ക്ക് ഊഷ്മളമായ സ്വീകരണമല്ല ലഭിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ട്രംപ് അല്‍ ഷറയെ സ്വീകരിക്കാനായി വൈറ്റ് ഹൗസിന് പുറത്തേക്ക് എത്തിയില്ലെന്നും പ്രധാന കവാടത്തിലൂടെയല്ല വൈറ്റ് ഹൗസിലേക്ക് പ്രവേശിച്ചതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് ഫോട്ടോ എടുക്കുകയോ ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയോ ചെയ്തില്ല.

Content Highlight: Al-Qaeda leader with $10 million bounty on his head visits White House to meet Trump