ഉക്രൈനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയെന്ന് അല്‍ ഖ്വയിദ തലവന്‍; സഖ്യ രാജ്യത്തെ റഷ്യയുടെ ഇരയാക്കി വിട്ടുകൊടുത്തു
World News
ഉക്രൈനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയെന്ന് അല്‍ ഖ്വയിദ തലവന്‍; സഖ്യ രാജ്യത്തെ റഷ്യയുടെ ഇരയാക്കി വിട്ടുകൊടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2022, 3:02 pm

ബാഗ്ദാദ്: ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്കയെണെന്ന പ്രസ്താവനയുമായി അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി.

അല്‍ ഖ്വയിദയുടെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ 11ാം വാര്‍ഷിക ദിനത്തില്‍ പുറത്തുവിട്ട റെക്കോര്‍ഡഡ് വീഡിയോ സന്ദേശത്തിലായിരുന്നു നിലവിലെ തലവന്റെ യു.എസിനെതിരായ പ്രസ്താവന.

”അമേരിക്കയുടെ വീക്ക്‌നെസ് ആണ്, ദുര്‍ബലതയാണ് അവരുടെ സഖ്യരാജ്യമായ ഉക്രൈന്‍ റഷ്യയുടെ അധിനിവേശത്തിന് ഇരയാകാന്‍ കാരണം,” എന്നാണ് സവാഹിരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

27 മിനിട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശം വെള്ളിയാഴ്ചയായിരുന്നു പുറത്തുവിട്ടത്. സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം യു.എസ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധങ്ങളുടെ പരിണിത ഫലങ്ങളെക്കുറിച്ചും അല്‍ ഖ്വയിദ തലവന്‍ പരാമര്‍ശിച്ചു.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പരാജയം അമേരിക്കക്ക് ക്ഷീണമായി മാറി എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

”ഇവിടെ, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പരാജയത്തിന് ശേഷം, സെപ്റ്റംബര്‍ ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ദുരന്തങ്ങള്‍ക്ക് ശേഷം, കൊവിഡ് മഹാമാരിക്ക് ശേഷം, തന്റെ സഖ്യരാജ്യമായ ഉക്രൈനെ റഷ്യക്കാര്‍ക്ക് ഇരയായി വിട്ടുകൊടുത്ത ശേഷം, ഇതാ യു.എസ് ഇവിടെ,” വീഡിയോ സന്ദേശത്തില്‍ സവാഹിരി കൂട്ടിച്ചേര്‍ത്തു.

അയ്മന്‍ അല്‍ സവാഹിരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതുമധ്യത്തില്‍ ലഭ്യമല്ല.

എഫ്.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള സവാഹിരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Al-Qaeda chief Ayman al-Zawahri blames US for Russia’s Ukraine invasion in new recorded video message