അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്രഈല്‍; ഒരാളെ ഹമാസ് 'തീവ്രവാദി'യാക്കി സൈന്യം
Trending
അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്രഈല്‍; ഒരാളെ ഹമാസ് 'തീവ്രവാദി'യാക്കി സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 9:28 am

ഗസ: ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഗസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ലേഖകനായ അനസ് അല്‍-ഷെരീഫ്, സഹ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു (ഞായര്‍) അക്രമം നടന്നത്.

ഗസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്സിന് എതിര്‍വശത്ത് മാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്ന ടെന്റിന് നേരെയാണ് ഇസ്രഈല്‍ അധിനിവേശ സേന ആക്രമണം അഴിച്ചുവിട്ടത്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ ആദ്യം മുതല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്ന അല്‍ ജസീറയെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വ്വമാണ് വെടിയുതിര്‍ത്തതെന്ന് അല്‍ ജസീറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അല്‍ ജസീറയുടെ റിപ്പോര്‍ട്ടറായ അനസ് അല്‍-ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന് ഇസ്രാഈല്‍ സൈന്യം ആരോപിച്ചു. അദ്ദേഹം പത്രപ്രവര്‍ത്തകനായി വേഷംമാറി തങ്ങള്‍ക്കെതിരെ സ്ഥിരമായി ഷെല്‍ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാറുണ്ടെന്നും ഇസ്രഈല്‍ പറഞ്ഞു. പ്രസ് ബാഡ്ജ് ഭീകരതയ്ക്കുള്ള ഒരു കവചമല്ല എന്നും അല്‍ ജസീറ ഹമാസ് പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിങ് ടീമുമായി സംയോജിപ്പിക്കാറുണ്ടെന്നും സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അറിയപ്പെടുന്ന അറബി ഭാഷാ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു 28 കാരനായ അനസ് അല്‍-ഷെരീഫ്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സമീപത്തുള്ള ഇസ്രഈല്‍ ആക്രമണങ്ങള്‍ വ്യക്തമാക്കുന്ന ഫൂട്ടേജ് തന്റെ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ അല്‍ ജസീറ പ്രവര്‍ത്തകര്‍ സ്ഥിരമായി വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. ഒരു മാധ്യമസ്ഥാപനത്തിനെതിരെ ഇസ്രഈല്‍ ഇതുവരെ നടത്തിയ അക്രമങ്ങളില്‍ ഏറ്റവും വലുതാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇസ്രഈല്‍- ഫലസ്തീന്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷം ആകുമ്പോള്‍ ഇതുവരെയും 200ലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Content Highlight: Al Jazeera journalists killed by Israel in Gaza