ഇനി പരാജയം താങ്ങാന്‍ വയ്യ; അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം ഒ.ടി.ടിയില്‍
Entertainment news
ഇനി പരാജയം താങ്ങാന്‍ വയ്യ; അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം ഒ.ടി.ടിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th August 2022, 8:54 pm

തുടരെയുള്ള തിയേറ്റര്‍ പാരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്പുതലിയാണ് ഒ.ടി.ടി റിലീസായി എത്തുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സെപ്റ്റംബര്‍ രണ്ടിന് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിലെ നായിക.

അക്ഷയ് തന്നെയാണ് റിലീസ് ചെയ്യുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രഞ്ജിത്ത് എം. തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അക്ഷയ് കുമാറിന്റേതായി തിയേറ്ററില്‍ എത്തിയ തുടര്‍ച്ചയായ മൂന്ന് സിനിമകളും പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ബച്ചന്‍ പാണ്ഡെയും, സാമ്രാട്ട് പൃഥ്വിരാജും, രക്ഷാ ബന്ധനുമാണ് ഒടുവില്‍ റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രങ്ങള്‍.

ഇക്കാരണം കൊണ്ടാണോ അടുത്ത ചിത്രം നേരിട്ട് ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നത് എന്നും വ്യക്തമല്ല. സിനിമകള്‍ വിജയിക്കുന്നില്ല എന്നത് തന്റെ തെറ്റാണ് എന്നും മാറ്റങ്ങള്‍ വരുത്തണം എന്നും താരം മുമ്പ് പറഞ്ഞിരുന്നു.

‘എന്താണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന് ഞാന്‍ മനസിലാക്കണം. എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം എന്ന എന്റെ ചിന്തകളില്‍ മാറ്റം വരുത്തണം. ഇത് എന്റെ തെറ്റാണ്.’ അക്ഷയ് കുമാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലാ പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.


നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് തന്നെയായിരുന്നു രാക്ഷസന്‍.

Content Highlight: Akshay kumar next movie releasing on ott