സാമ്രാട്ട് പൃഥ്വിരാജ്; എപ്പിക്കില്‍ നിന്നും സൂപ്പര്‍ ഫ്‌ളോപ്പിലേക്ക്; ബോളിവുഡിനെ പഴിച്ച് പ്രേക്ഷകര്‍
Film News
സാമ്രാട്ട് പൃഥ്വിരാജ്; എപ്പിക്കില്‍ നിന്നും സൂപ്പര്‍ ഫ്‌ളോപ്പിലേക്ക്; ബോളിവുഡിനെ പഴിച്ച് പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 5:12 pm

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതവും തന്റെ രാജ്യം പിടിച്ചടക്കിയ മുഹമ്മദ് ഗോറിക്കെതിരായ യുദ്ധവും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത്, സോനു സൂദ് മുതലായവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മുതല്‍ തന്നെ പ്രേക്ഷകരുടെ ചിത്രത്തെ പറ്റിയുള്ള പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് എന്ന ഭാരണാധികാരിക്കുള്ള അവഹേളനമാണ് ചിത്രമെന്നാണ് പലരും വിശേഷിപ്പിച്ചത്. അക്ഷയ് കുമാറിന്റെ അഭിനയത്തിലെ പാളിച്ചകളും ചിലര്‍ എടുത്തു പറയുന്നുണ്ട്. സാമ്രാട്ട് പൃഥ്വിരാജിനെ അവതരിപ്പിക്കാന്‍ അക്ഷയ് കുമാര്‍ തീരെ യോജിച്ച അഭിനേതാവല്ല എന്നും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.

സിനിമ നിരാശപ്പെടുത്തിയെന്നും ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമ ഫ്‌ളോപ്പാണെന്നും നിരാശജനകമാണെന്നും പലരും തുറന്നടിച്ചു.

അതേസമയം ചിത്രം നന്നായിരുന്നുവെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഇതുപോലെയൊരു ചരിത്ര സിനിമ ബോളിവുഡില്‍ നിന്നുമെത്തിയതില്‍ സന്തോഷം രേഖപ്പെടുത്തിയും അഭിപ്രായങ്ങളുയരുന്നുണ്ട്. മാനുഷി ചില്ലറും അക്ഷയ് കുമാറും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തിന് നികുതി ഇളവ് നല്‍കിയിരുന്നു. അമിത് ഷായും യോഗി ആദ്യത്യനാഥും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചന നിര്‍വഹിച്ചത്. മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: akshay kumar movie samrat prithviraj received a mixed response