ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും വോട്ട് മോഷണത്തിന് പിന്നാലെയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ട് മോഷണം തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ നേപ്പാളിലെ പോലെ ഇന്ത്യയിലും തെരുവ് പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന് അഖിലേഷ് മുന്നറിയിപ്പ് നല്‍കി.
‘വോട്ട് മോഷണം ഇല്ലാതാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വോട്ട് മോഷ്ടിച്ച് ജയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ റിവോള്‍വറിന്റെ ശക്തിയുപയോഗിച്ച് വോട്ടിങ് തടഞ്ഞു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നമ്മുടെ അയല്‍രാജ്യങ്ങളില്‍ നടന്നതുപോലെ ആളുകള്‍ ഇവിടെയും തെരുവിലിറങ്ങും,’ പത്രസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.
മാത്രമല്ല ഉത്തര്‍പ്രദേശിലെ മുന്‍ തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും അഖിലേഷ് യാദവ് സംസാരിച്ചിരുന്നു.
‘അവര്‍ സ്വന്തം ജാതിക്കാരെ ഉദ്യോഗസ്ഥരായി നിയമിച്ചു. പ്രിസൈഡിങ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സമുദായത്തില്‍ നിന്നല്ലേ? ഡി.എമ്മിനും എസ്.പിക്കും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയില്ലേ? ഞങ്ങള്‍ പരാതിപ്പെട്ടിട്ടും അവര്‍ 77% വോട്ട് നേടി,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാംപൂര്‍ തെരഞ്ഞെടുപ്പ് നിങ്ങള്‍ കണ്ടു. അവര്‍ ആ തെരഞ്ഞെടുപ്പ് തട്ടിയെടുത്തു. അയോധ്യ തെരഞ്ഞെടുപ്പില്‍ ഒരു മന്ത്രിയുടെ കൂട്ടാളിയെ പിടികൂടി. ഏകദേശം 5000 പേര്‍ അവിടെ വോട്ടിന് എത്തിയിരുന്നു. അമേഠിയില്‍ നിന്നാണ് വോട്ട് ചെയ്യാന്‍ അവര്‍ ആളുകളെ കൊണ്ടുവന്നത്. വോട്ട് കൊള്ള തുടര്‍ന്നാല്‍, അയല്‍രാജ്യങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങിയതുപോലെ ഇവിടെയും ജനങ്ങള്‍ തെരുവില്‍ ഇറങ്ങും,’ നേപ്പാളിലെ അശാന്തിയുമായി ബന്ധപ്പെടുത്തി അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കി.