ലഖ്‌നൗ: വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കള്ളവോട്ടുകള്‍ ചെയ്യുന്നത് തടയാന്‍ ആധാര്‍കാര്‍ഡുകള്‍ ചിപ്പുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വേണ്ടിയുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അഖിലേഷ് യാദവ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
‘സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്താന്‍, ആധാര്‍ കാര്‍ഡുകള്‍ ചിപ്പുമായി ബന്ധിപ്പിച്ചേ തീരൂ. ഇതിലൂടെ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കള്ളവോട്ടുകള്‍ ചെയ്യുന്നത് തടയാനാകും’, എസ്.പി തലവന്‍ പറഞ്ഞു.
രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംവരണം ശരിയായ രീതിയില്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ജാതി സെന്‍സസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക വിഭാഗത്തെയും ദളിത് വിഭാഗത്തെയും ന്യൂനപക്ഷത്തെയും ചേര്‍ത്ത് നിര്‍ത്തി സഖ്യമുണ്ടാക്കുന്നതിലൂടെ ജനങ്ങളുടെ ശരിയായ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഈ സഖ്യമാണ് സഹായിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പിക്ക് എതിരെ പോരാടാനുള്ള കരുത്താണിതെന്നും അഖിലേഷ് പറഞ്ഞു.
സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നശിപ്പിക്കുകയാണ് ഭരണകക്ഷിയായ ബി.ജെ.പിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഗൂഢാലോചനയുടെ ഭാഗമാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് ബി.ജെ.പിയെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിന് തുരങ്കം വെക്കുകയാണെന്നും അഖിലേഷ് വിമര്‍ശിച്ചു.
2027ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കി സമാജ്‌വാദി പാര്‍ട്ടി ഭരണത്തിലേറും. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അഖിലേഷ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രതിപക്ഷം വോട്ട് മോഷണ ആരോപണങ്ങള്‍ ശക്തമാക്കിയതിനിടെയാണ് അഖിലേഷ് യാദവും ബി.ജെ.പിക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ പോലും അട്ടിമറിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് മോഷണത്തിന് കൂട്ടുനില്‍ക്കുന്നെന്ന് കഴിഞ്ഞദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
Content Highlight: Akhilesh Yadav suggests linking Aadhaar cards with chip to prevent fake votes