'ബി.ജെ.പി രാജ് 2.0'; ഇത് പൊലീസ് നടത്തിയ കൊലപാതകം ; യു.പിയില്‍ മുസ്‌ലിം യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അഖിലേഷ് യാദവ്
national news
'ബി.ജെ.പി രാജ് 2.0'; ഇത് പൊലീസ് നടത്തിയ കൊലപാതകം ; യു.പിയില്‍ മുസ്‌ലിം യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th May 2022, 11:47 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ മുസ്‌ലിം യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ഗോവധം ആരോപിച്ച് മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടയുന്നതിനിടെ ഉദ്യോഗസ്ഥര്‍ സ്ത്രീയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ ഇസ്‌ലാംനഗര്‍ സ്വദേശിനിയായ റോഷ്‌നിയാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഇത് വെറുമൊരു ബുള്ളറ്റല്ലെന്നും പൊലീസ് നടത്തിയ കൊലപാതകമാണെന്നും സമാജ് വാദി പാര്‍ട്ടി പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യു.പി സര്‍ക്കാരിനാണെന്നും സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു.

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ റോഷ്‌നിയുടെ വീട്ടിലെത്തിയത്. കാരണമൊന്നും പറയാതെ ഉദ്യോഗസ്ഥര്‍ മകനായ അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ റോഷ്‌നി തടയുകയായിരുന്നുവെന്ന് ഇളയ മകന്‍ അതിര്‍ഖുര്‍ റഹ്മാന്‍ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നത് എതിര്‍ത്തതോടെ പൊലീസുദ്യോഗസ്ഥരില്‍ ഒരാള്‍ വെടിവെക്കുകയായിരുന്നു.

പ്രത്യേക ഓപ്പറേഷന്‍ സംഘവുമായാണ് പൊലീസ് എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പോലീസ് പിന്നീട് അബ്ദുറഹ്മാനെ കസ്റ്റഡിയിലെടുത്തിരുന്നു.

മെയ് 22 ന് റോഷ്‌നിയുടെ മകള്‍ റാബിയയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. പൊലീസിന്റെ നടപടിക്ക് പിന്നാലെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അബ്ദുള്‍ റഹ്മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെടിവെച്ച പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ കൊലചെയ്തത് പൊലീസുകാരനല്ലെന്നാണ് പൊലീസിന്റെ വാദം. ഇതിനെ സാധൂകരിക്കാന്‍ കൊലപാതകത്തിന്റെ അടുത്ത ദിവസം ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗോഹത്യയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്ന് പണം തട്ടുന്ന ജിതേന്ദ്ര യാദവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം നിന്നും 0.315 ബോറുള്ള പിസ്റ്റളും കണ്ടെടുത്തതായി പൊലീസ് അവകാശപ്പെട്ടു. വെടിയുതിര്‍ത്ത വെടിയുണ്ടയുടെ ഒരു ഷെല്ലും പിസ്റ്റളില്‍ നിന്ന് കണ്ടെത്തിയതായും സിദ്ധാര്‍ത്ഥനഗര്‍ പോലീസ് സൂപ്രണ്ട് യശ്വര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതേ ബുള്ളറ്റ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയതായും എസ്.പി പറഞ്ഞു.

Content Highlight: Akhilesh Yadav on police killing of Muslim woman in UP, says UP government should take responsibility