ഓടും കുതിര പരാജയപ്പെട്ടപ്പോള്‍ നിവിന്‍ അല്‍ത്താഫിന് കൊടുത്ത ധൈര്യം ചെറുതല്ല, അതിന് മനുഷ്യത്വം വേണം: അഖില്‍ സത്യന്‍
Malayalam Cinema
ഓടും കുതിര പരാജയപ്പെട്ടപ്പോള്‍ നിവിന്‍ അല്‍ത്താഫിന് കൊടുത്ത ധൈര്യം ചെറുതല്ല, അതിന് മനുഷ്യത്വം വേണം: അഖില്‍ സത്യന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 1st January 2026, 6:30 pm

പ്രായഭേദമന്യേ പ്രേക്ഷകമനസില്‍ സ്ഥാനം നേടിയ നടനാണ് നിവിന്‍ പോളി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ സര്‍വ്വം മായയിലൂടെ തന്റെ നഷ്ടപ്പെട്ട എന്റര്‍ടെയിനര്‍ സിംഹാസനം തിരിച്ചുപിടിക്കാനും നിവിന്‍ പോളിക്കായിരുന്നു. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് തൊട്ട് ഒരുമിച്ചുള്ള നിവിന്‍-അജു കോമ്പിനേഷന്‍ സീനുകളടക്കം മികച്ച അനുഭവമാണ് ഇരുവരും പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ഇന്‍ഡസ്ട്രിയിലും പുറത്തും തന്റെ സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്താത്ത ആളാണ് നിവിന്‍ പോളിയെന്ന് താരത്തിനെ അടുത്തറിയാവുന്നവര്‍ നേരത്തേ പറഞ്ഞിരുന്നു. സംവിധായകനും നടനുമായ അല്‍ത്താഫ് സലീം നിവിനുമായി മികച്ച സുഹൃദ് ബന്ധമുള്ള ആളാണ്.

Photo: Theatrical poster

 

 

 

അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നായകനായെത്തിയത് നിവിനായിരുന്നു. തിയേറ്ററില്‍ മികച്ച വിജയം നേടുകയും നിവിന്റെ കരിയറിലെ മികച്ച ചിത്രത്തില്‍ ഒന്നായി മാറാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.

 

അല്‍ത്താഫിന്റെ കരിയറില്‍ പ്രതിസന്ധിഘട്ടമുണ്ടായപ്പോള്‍ നിവിന്‍ നല്‍കിയ പിന്തുണയെക്കുറിച്ച് സര്‍വ്വം മായ ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ സത്യന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

സംവിധായകനായ അല്‍ത്താഫ് സലീമിന്റെ ഓടും കുതിര ചാടും കുതിര തിയ്യേറ്ററില്‍ വേണ്ടത്ര വിജയം നേടാതെ പോയിരുന്നെന്നും ഈ സമയം അല്‍ത്താഫിനെ വിളിച്ച് നമുക്ക് അടുത്ത പടം ചെയ്യണ്ടേ എന്ന് താരം ചോദിച്ചതായും അഖില്‍ പറഞ്ഞു. ആ ഘട്ടത്തില്‍ അങ്ങനെയൊരു ധൈര്യം കൊടുക്കാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് മാത്രമേ സാധിക്കുള്ളൂവെന്നും നിവിന്‍ നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വം മായ ചിത്രത്തിലെ തിരുമേനിയുടെ റോളിലേക്ക് മറ്റൊരാളെ ആയിരുന്നു ആലോചിച്ചിരുന്നതെന്നും പിന്നീട് നിവിന്റെ നിര്‍ദേശ പ്രകാരമണ് അജുവിനെ കാസ്റ്റ് ചെയ്തതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.അജു വര്‍ഗീസ് തന്റെ കരിയറില്‍ താരതമ്യേന മോശം സമയത്തിലൂടെ കടന്നു പോവുമ്പോഴാണ് സര്‍വ്വം മായയിലേക്ക് നിവിന്‍ താരത്തെ നിര്‍ദേശിച്ചതെന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഫ്രണ്ട്ഷിപ്പിന് എത്രമാത്രം മൂല്യം കല്പിക്കുന്ന ആളാണ് നിവിനെന്ന് മനസ്സിലാക്കാന്‍ സാധിക്കുക.

 

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന് ശേഷം മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച കോമ്പിനേഷനാണ് നിവിന്‍ പോളി-അജു വര്‍ഗീസ്. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ ഒരുമിച്ചുള്ള ഇരുവരും വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടിയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു വടക്കന്‍ സെല്‍ഫി, തട്ടത്തിന്‍ മറയത്ത്, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

 

ചെറുപ്പം മുതല്‍ സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള കണക്ഷന്‍ ഒന്നിച്ചഭിനയിച്ച സിനിമകളിലും ഗുണകരമായി തന്നെ ലഭിച്ചിട്ടുണ്ട്. കോമഡി സീനുകളിലെ മികച്ച സിങ്കും ഇരുവരും ഒരേ സീനില്‍ വരുമ്പോഴുളള മാനറിസങ്ങളും പ്രേക്ഷകരില്‍ നിഷ്പ്രയാസം ചിരി പടര്‍ത്തും.

Photo: Theatrical poster

ഹൊറര്‍-കോമഡി ഴോണറിലെത്തിയ ചിത്രം തിയേറ്ററിലെത്തി ഒരാഴ്ച്ചക്കകം 50 കോടിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ റിയ ഷിബു, അരുണ്‍ അജികുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Akhil Sathyan talks about Nivin pauly’s friendship

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.