കഴിഞ്ഞ വര്‍ഷം റിലീസീനെത്തിയ സര്‍വ്വം മായയിലൂടെ നിവിന്‍ പോളിയെ നായകനാക്കി നൂറു കോടി ക്ലബെന്ന നേട്ടം സ്വന്തമാക്കിയ സംവിധായകനാണ് അഖില്‍ സത്യന്‍. ഒരിടവേളക്ക് ശേഷം നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ടിനെ തിരിച്ചെത്തിച്ചാണ് ഹൊറര്‍ കോമഡി ഴോണറിലെത്തിയ സര്‍വ്വം മായ ഈ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം സിനിഗുലാം എന്ന യൂട്യൂബ് ചാനലിലെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെ സൂപ്പര്‍ താരം മമ്മൂട്ടിയെക്കുറിച്ച് അഖില്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരത്തിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍.
മമ്മൂട്ടി അഭിനയിച്ച് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് താന്‍ കണ്ടിരുന്നെന്നും അതില്‍ മമ്മൂട്ടിയുടെ പ്രകടനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അഖില്‍ പറയുന്നു. ഇത് മമ്മൂട്ടിയെ അറിയിക്കാന്‍ തന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി അദ്ദേഹത്തിന് വാട്‌സപ്പ് മെസ്സേജ് അയച്ചതായും അതിന് മറുപടിയായി വെരി ഹാപ്പി എന്ന് അദ്ദേഹം തിരിച്ച് മെസ്സേജ് അയച്ചെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
Photo: Theatrical Poster
തമിഴിലെ സുപ്രസിദ്ധ സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്. ചിത്രത്തില്‍ പ്രൈവറ്റ് ഡിക്ടറ്റീവായി എത്തിയ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഫണ്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. സി.ഐ ഡൊമിനിക്ക് എന്ന മമ്മൂട്ടി കഥാപാത്രത്തിന് ഒരു ലേഡീസ് പഴ്‌സ് കളഞ്ഞു കിട്ടുന്നതും തുടര്‍ന്ന ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥാപശ്ചാതലം.
തിയേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എന്നാല്‍ കഴിഞ്ഞ മാസം ഒ.ടി.ടി റിലീസായതിനു ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആയിരുന്നു ഡിസ്ട്രിബ്യൂഷന്‍.
Content Highlight: Akhil sathyan talks about Mammootty’s performance in Dominic and ladies purse movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.