നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മോഹൻലാൽ–നയൻതാര ചിത്രം വിസ്മയത്തുമ്പത്ത് എന്നിവയുമായി സാമ്യമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. റിലീസിന് പിന്നാലെ തന്നെ നിരവധി താരതമ്യങ്ങളും അഭിപ്രായങ്ങൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഉയർന്നിരുന്നു.
ഇതിന് വ്യക്തമായ മറുപടിയുമായി സംവിധായകൻ അഖിൽ സത്യൻ എത്തിയിരിക്കുകയാണ്. വിസ്മയത്തുമ്പത്ത്, കൂടെ തുടങ്ങിയ സിനിമകളുമായി സർവ്വം മായയ്ക്ക് ഉള്ള സാമ്യം സ്ട്രക്ചറിലേയ്ക്ക് മാത്രം പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്. എം ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ സത്യൻ.
Oficial poster, Photo; IMDb
‘ഞാൻ ഒരു ബഷീർ ആരാധകനാണ്. ഭാർഗ്ഗവീനിലയം എനിക്ക് വളരെ ഇഷ്ട്ടമാണ്. ഒരു ഷോർട് സ്റ്റോറി ഇൻസ്പയർഡ് ആയിട്ടാണ് ഭാർഗവി നിലയം ഉണ്ടായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് ഇതിന്റെയെല്ലാം കോർ. കൂടെ സിനിമയായാലും വിസ്മയത്തുമ്പത്തായാലും അതിന്റെയെല്ലാം കോർ ഇതാണ്,’ അഖിൽ സത്യൻ പറയുന്നു.
വിസ്മയത്തുമ്പത്തിന്റെ ഒർജിനൽ വേർഷൻ വേറെയാണെന്നും അഖിൽ സത്യൻ പറഞ്ഞു. ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു പ്രേതവും ഒരു സ്‌ട്രെഗ്ലിങ് ആയിട്ടുള്ള വ്യക്തിയും തമ്മിലുള്ള ബന്ധമാണ് അതിന്റെ ഐഡിയ. അതുതന്നെയാണ് വൈക്കം മുഹമ്മദ് ബഷീർ ഭാർഗ്ഗവീനിലയത്തിലും ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Official Poster,Photo: IMDb
അതേസമയം, നടന് മാത്രം കാണാൻ സാധിക്കുന്ന പ്രേതവും പ്രേതത്തിന് നടനോട് തോന്നുന്ന പ്രണയവും വിസ്മയത്തുമ്പത്തിലും സർവ്വം മായയിലും ഒരുപോലെയാണെന്ന് നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വിസ്മയത്തുമ്പത്തിലെ റീത്ത എന്ന കഥാപാത്രവും സർവ്വം മായയിലെ ഡെലൂലുവിനുമിടയിൽ വലിയ സാമ്യമുണ്ടെന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായിരുന്നു.
നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ സർവം മായ നിവിന്റെ തിരിച്ചു വരവായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, പ്രീതി മുകുന്ദൻ, റിയ ഷിബു, രഘുനാഥ്, അൽത്താഫ് സലിം, ജനാർദ്ദനൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Akhil sathyan talk about Sarvam maya movie