നിവിനെ മാത്രം മനസില്‍ കണ്ടെഴുതിയ തിരക്കഥ; യാദൃച്ഛികമായി ഫഹദ് പാച്ചുവായി മാറി: അഖില്‍ സത്യന്‍
Malayalam Cinema
നിവിനെ മാത്രം മനസില്‍ കണ്ടെഴുതിയ തിരക്കഥ; യാദൃച്ഛികമായി ഫഹദ് പാച്ചുവായി മാറി: അഖില്‍ സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 11:02 pm

ഫഹദ് ഫാസിലിനെ നായകനാക്കി താന്‍ ചെയ്ത പാച്ചുവും അത്ഭുതവിളക്കും ആദ്യം നിവിന്‍ പോളിയെ വെച്ച് ചെയ്യാനിരുന്ന സിനിമയാണെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു.

അഖില്‍ സത്യന്‍, നിവിന്‍ പോളി Photo: Nivin pauly/ facebook.com

ഇപ്പോഴിതാ നിവിനുമായി പാച്ചുവും അത്ഭുത വിളക്കും ചെയ്യാന്‍ തീരുമാനിച്ച അനുഭവം പങ്കുവെക്കുകയാണ് അഖില്‍. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുമ്പോഴാണ് താന്‍ നിവിനെ ആദ്യമായി കാണുന്നതെന്നും അവിടെ വെച്ച് തന്നെ നമ്മള്‍ തമ്മില്‍ ഒരു സിനിമ ചെയ്താലോ എന്ന് നിവിന്‍ പറഞ്ഞിരുന്നുവെന്നും അഖില്‍ പറയുന്നു.

‘അച്ഛന്റെ അടുത്ത സിനിമയായ ‘ഞാന്‍ പ്രകാശന്റെ’ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പ് ഞാന്‍ നിവിനെ നേരിട്ട് കണ്ട് പാച്ചുവിന്റെ ഏകദേശ രൂപം പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞു. പ്രകാശന്റെ നൂറാം ദിനാഘോഷം കഴിഞ്ഞ് കൃത്യം ഒരു മാസത്തിനുശേഷം നിവിനെ മാത്രം മനസില്‍ കണ്ട് കൊണ്ട് തിരക്കഥ എഴുതിത്തുടങ്ങി.

ഉമ്മച്ചി ഇറങ്ങിയ അതേ ഗോവ സ്റ്റേഷനില്‍, ഹംസധ്വനിക്കായി പാച്ചു ട്രെയിനില്‍നിന്ന് ചാടിയിറങ്ങുന്നത് എഴുതി അടിവരയിട്ടപ്പോള്‍ എന്റെ മനസില്‍ പാച്ചുവിന്റെ മുഖത്ത് നിവിന്റെ മാത്രം ചിരിയായിരുന്നു.
ഒരു സിനിമ അതിന്റെ വിധി സ്വയം നിശ്ചയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പിന്നീട് നടന്നത്.

നിവിന്റെ തിരക്കുകളും എന്റെ തിടുക്കവും, പാകത്തിന് യാദൃച്ഛികതകളും ചേര്‍ന്നപ്പോഴാണ് പിന്നീട് ഫഹദ് ഫാസില്‍ പാച്ചുവായി മാറുന്നത്. ‘സര്‍വ്വം മായ’ എന്നല്ലാതെ എന്ത് പറയാന്‍,’ അഖില്‍ സത്യന്‍ പറഞ്ഞു.

Content Highlight:  Akhil Sathyan says that  Patchuvum   Athbutha Vilakkum was originally supposed to be made with Nivin Pauly