സര്‍വ്വം മായ ചെയ്യുമ്പോള്‍ ബഷീറിന്റെ നീലവെളിച്ചം വായിച്ചു; തിരക്കഥയെന്നത് കഥയെ 70 കഷണങ്ങളാക്കി മുറിക്കലാണ്: അഖില്‍ സത്യന്‍
Malayalam Cinema
സര്‍വ്വം മായ ചെയ്യുമ്പോള്‍ ബഷീറിന്റെ നീലവെളിച്ചം വായിച്ചു; തിരക്കഥയെന്നത് കഥയെ 70 കഷണങ്ങളാക്കി മുറിക്കലാണ്: അഖില്‍ സത്യന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 17th February 2026, 6:27 pm

കഴിഞ്ഞ വര്‍ഷം റിലീസായി തിയേറ്ററുകളിലെത്തി ക്രിസ്മസ് വിന്നറായി തീര്‍ന്ന ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സമീപകാലത്ത് ബോക്സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന് പോളി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു സര്‍വ്വം മായ.

സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദുവെന്ന കഥാപാത്രം പോലെ ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു റിയ ഷിബു അവതരിപ്പിച്ച ഡെലൂലൂ. മനുഷ്യരെ കണ്ടാല്‍ പേടിക്കുന്ന, ഓണ്‍ലൈനില്‍ ഡ്രസ് വാങ്ങുന്ന ജെന്‍സി പ്രേതത്തെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുത്തു.

ഒ.ടി.ടി റിലീസിന് ശേഷം സിനിമ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സര്‍വ്വം മായ ചെയ്യുമ്പോള്‍ ബഷീറിന്റെ നീലവെളിച്ചം താന്‍ വായിച്ചിരുന്നുവെന്ന് അഖില്‍ സത്യന്‍ പറയുന്നു.

‘ചെറുപ്പം മുതല്‍ അച്ഛന്‍ പുസ്തകങ്ങള്‍ തരുമായിരുന്നു. വായന അന്നു മുതലുണ്ട്. പത്താംക്ലാസ് ആയപ്പോഴേക്കും ബഷീറിനെയും എം.ടി.യെയും വായിച്ചു. ബഷീറാണ് പ്രിയപ്പെട്ട എഴുത്തുകാരന്‍. കാലത്തിനെ അതിജീവിക്കുന്ന എഴുത്താണ് അദ്ദേഹത്തിന്റെത്. ലഘുവായ എന്നാല്‍, അത്രതന്നെ നിലവാരം പുലര്‍ത്തുന്ന വളരെ ആഴത്തിലുള്ള നര്‍മം ഉള്‍ക്കൊള്ളുന്നവ.

എല്ലാത്തിനെയും നര്‍മത്തിലൂടെ ചിത്രീകരിക്കാന്‍ സാധിക്കുന്നത് ചെറിയ കാര്യമല്ല. ‘സര്‍വ്വം മായ’ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ‘നീലവെളിച്ചം’ ഞാന്‍ വായിച്ചു. അതെഴുതാന്‍ അദ്ദേഹത്തെ സ്വാധീനിച്ച ചെറുകഥയുണ്ടെന്ന് കേട്ട് അതും തപ്പിപ്പിടിച്ച് വായിച്ചു,’ അഖില്‍ പറയുന്നു.

എഴുത്താണ് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടെന്നും എന്നാല്‍, നന്നായി ആസ്വദിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറയുന്നു. നല്ലൊരു തിരക്കഥ രൂപപ്പെടുത്തിയാല്‍ ഷൂട്ടിങ് പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നും അഖില്‍ പറഞ്ഞു. തിരക്കഥ എന്നത് ഒരു കഥയെ 70 കഷണങ്ങളാക്കി മുറിക്കലാണെന്നും അത് കൃത്യമായി ചെയ്തല്ലെങ്കില്‍ എത്ര നല്ല കഥയില്‍ നിന്നുപോലും ഉണ്ടാവുന്നത് മോശം തിരക്കഥയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അജു വര്‍ഗീസ്, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍, ജനാര്‍ദനന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിച്ച് ചിത്രത്തിന്റെ സംഗീത സംവിധാനംസ്റ്റിന്‍ പ്രഭാകരനാണ്.

Content highlight:  Akhil Sathyan says that he used to read Basheer’s Neelavelicham  while doing srvam maya 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.