ഒരു പോയിന്റില്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ച സിനിമയാണ്; എനിക്കും നിവിനും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു: അഖിൽ സത്യൻ
Malayalam Cinema
ഒരു പോയിന്റില്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ച സിനിമയാണ്; എനിക്കും നിവിനും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു: അഖിൽ സത്യൻ
നന്ദന എം.സി
Thursday, 1st January 2026, 2:07 pm

 

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയാണ് സർവ്വം മായ. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. ചിത്രം അതി ഗംഭീരമാണെങ്കിലും അതിന്റെ പിന്നാമ്പുറ കഥ അത്ര സുഖകരമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ അഖിൽ.

അഖിൽ സത്യൻ, നിവിൻ പോളി, Photo: Aju Vargheese / facebook

ഒരു പോയിന്റിൽ ഈ സിനിമ പൂർണമായി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തിരുന്നുവെന്നും, താനും നിവിനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും അഖിൽ പറയുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സർവ്വം മായയുടെ ബിഹൈൻഡ് ദി സീൻസ് എല്ലാം നല്ലതായിരുന്നു. എന്നാൽ അതിന്റെ റൈറ്റിങ് ഘട്ടം വളരെ പെയിൻഫുളായിരുന്നു. ഒരിടവേളയിൽ ഞാനും നിവിനും വഴക്കിട്ടു. ഇത് എവിടെയും എത്തില്ലെന്ന് തോന്നിയ സമയത്ത് പടം ക്യാൻസൽ ചെയ്യാൻ പോലും തീരുമാനിച്ചിരുന്നു. രണ്ടുപേരും ഹാപ്പിലി പടം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു,’ അഖിൽ പറയുന്നു.

എന്നാൽ ഈ സിനിമ വീണ്ടും ട്രാക്കിലേക്കെത്തിയത് സിനിമയിലുള്ള വിശ്വാസം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ എഴുതി കഴിഞ്ഞിരുന്നെങ്കിലും, നരേഷൻ വളരെ മോശമായിരുന്നു. അന്നത്തെ സമയത്ത് താനും നിവിനും നല്ല മാനസികാവസ്ഥയിലായിരുന്നില്ല.

അഖിൽ സത്യൻ, നിവിൻ പോളി, അജു വർഗീസ് , Photo: Aju Varghese/Facebook

സർവ്വം മായയുടെ സ്റ്റോറി എന്താണെന്ന് തനിക്ക് ശരിയായി പറയാനും കഴിഞ്ഞില്ല, നിവിനത് മനസിലാക്കാനും കഴിഞ്ഞില്ല അഖിൽ പറഞ്ഞു. അതിനുശേഷം ഒരു ബ്രേക്ക് എടുത്ത് തിരിച്ച് വന്നപ്പോൾ തങ്ങൾ രണ്ടുപേരും മെന്റലി ഓക്കേ ആയിരുന്നു, മനസിൽ സമാധാനമുണ്ടായിരുന്നു. അതിനാൽ പിന്നീട് നിവിനെ കണ്ടപ്പോൾ സ്റ്റോറി എന്താണെന്ന് നന്നായി പറഞ്ഞുകൊടുക്കാനും നിവിനത് മനസിലാക്കാനും സാധിച്ചു. അങ്ങനെ അവസാനിപ്പിച്ച സർവ്വം മായ വീണ്ടും തുടങ്ങുകയായിരുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു.

ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നാല് കോടി നേടിയ സർവ്വം മായയിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ, മധു വാര്യർ, രഘുനാഥ്‌ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Akhil Sathyan says he had decided to end the film ‘Sarvam Maya’ but later decided to start it again

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.