നല്ല നന്മയും നല്ല വയലും കണ്ടാല്‍ യൂസ് ചെയ്യാതിരിക്കാന്‍ പറ്റില്ല: അഖില്‍ സത്യന്‍
Entertainment news
നല്ല നന്മയും നല്ല വയലും കണ്ടാല്‍ യൂസ് ചെയ്യാതിരിക്കാന്‍ പറ്റില്ല: അഖില്‍ സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st May 2023, 9:05 am

സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. താന്‍ അതിനെ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും തന്റെ അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ഫിലിം മേക്കിങ് സ്റ്റൈല്‍ തനിക്ക് വരാറുണ്ടെന്നും അഖില്‍ സത്യന്‍ പറഞ്ഞു.

നല്ല നന്മയും നല്ല വയലും കണ്ടാല്‍ തനിക്കത് യൂസ് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ സത്യന്‍ പറഞ്ഞു.

‘ അച്ഛന്റെയും ശ്രീനിയേട്ടന്റെയും സിനിമകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ അതിനെ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഞാനെങ്ങനെയൊക്കെ തലകുത്തി മറിഞ്ഞ് ശ്രമിച്ചാലും അത് പലപ്പോഴും സാധിക്കാറില്ല. അച്ഛന്റെ ഫിലിം മേക്കിങ് സ്റ്റൈല്‍ എനിക്ക് വരാറുണ്ട്. ഗ്രാമം, വയല്‍, നന്മ എന്നൊക്കെയുള്ള ഫാക്ടേഴ്‌സ് അച്ഛന്റെ സിനിമകളില്‍ വരാറുണ്ട്.

നല്ല നന്മയും നല്ല വയലും കണ്ടാല്‍ എന്റെ സിനിമയില്‍ യൂസ് ചെയ്യാതിരിക്കാന്‍ പറ്റില്ല. ആളുകള്‍ക്ക് ഫീല്‍ ഗുഡ് ഫാക്ടേഴ്‌സിന്റെ കാര്യത്തില്‍ നല്ല കണ്‍ഫ്യൂഷനുണ്ട്. ഒരു സ്ലോ മോഷന്‍, ആക്ഷന്‍, ഷോട്ട് ഗണ്‍ എടുത്ത് ഒരാളെ വെടിവെക്കുന്ന സീന്‍ എളുപ്പത്തില്‍ ഷൂട്ട് ചെയ്യാവുന്നതാണ്.

സിനിമയില്‍ രണ്ട് ഫാമിലി, രണ്ട് വില്ലന്മാര്‍. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു. എന്നിട്ട് മറ്റെയാള്‍ പകവീട്ടുന്നു. നായകന്‍ വില്ലനെ വീഴ്ത്തുന്നു. ഇതൊക്കെയെനിക്ക് വളരെ ബോറടിക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ വെച്ച് കഴിഞ്ഞാല്‍ ആളുകളൊരിക്കലും പറയില്ല സത്യന്‍ അന്തിക്കാട് ഫാക്ടറാണെന്ന്. ഒരു കാര്‍ ബ്ലാസ്റ്റോ തോക്കോ കാണിച്ചാല്‍ ഇത് വെറൈറ്റി ആണല്ലോയെന്ന് പറയും. അത് വളരെ നിര്‍ഭാഗ്യകരമാണ്.

ഇത്തരം ക്ലീഷേ സംഭവങ്ങള്‍ കുത്തിക്കയറ്റിയാല്‍ എന്റെ സിനിമകള്‍ ഫീല്‍ ഗുഡ് അല്ലെന്ന് തോന്നിപ്പിക്കാന്‍ കഴിയും. പക്ഷേ എനിക്കതിനോട് ഒട്ടും താല്‍പര്യമില്ല. എനിക്കത്തരത്തിലുള്ള സിനിമകളോട് വലിയ താല്‍പര്യമൊന്നുമില്ല, ‘ അഖില്‍ സത്യന്‍ പറഞ്ഞു.

സിനിമയിലെ കാസ്റ്റിങിനെക്കുറിച്ചും അഖില്‍ സംസാരിച്ചു. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ കാസ്റ്റിങ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും കണ്ണടച്ച് ഫോട്ടോ നോക്കി കാസ്റ്റ് ചെയ്യാറില്ലെന്നും അഖില്‍ പറഞ്ഞു.

‘ കാസ്റ്റിങ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടൊരു കാര്യമാണ്. ഞാന്‍ ഓഡിഷന്‍ ചെയ്തിട്ടാണ് കാസ്റ്റ് ചെയ്യാറ്. കണ്ണടച്ച് ഫോട്ടോ നോക്കി കാസ്റ്റ് ചെയ്യാറില്ല. കാസ്റ്റിങ് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ കാസ്റ്റിങ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

ആ സിനിമയില്‍ ഒരുപാട് പുതുമുഖങ്ങളുണ്ട്. ആദ്യമായി ക്യാമറ ഫേസ് ചെയ്യുന്നവര്‍ അവരായിട്ട് തന്നെയാണ് അഭിനയിക്കുന്നത് എന്ന് നമുക്ക് തോന്നും. അത് വളരെ ഭംഗിയുള്ളൊരു കാര്യമാണ്, അഖില്‍ പറഞ്ഞു.

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.


Content Highlights: Akhil Sathyan about his film making style