യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: പ്രതികള്‍ കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസിലുണ്ട്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി
kERALA NEWS
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: പ്രതികള്‍ കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസിലുണ്ട്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 10:33 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസിലുണ്ടെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി. കുത്തേറ്റ അഖിലിന്റെ സുഹൃത്തും സഹപാഠിയുമായ ജിതിനാണ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ ഇക്കാര്യം പറഞ്ഞത്.

‘വൈകിട്ട് അഞ്ച് മണിയോടെ കേരള സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസായ സ്റ്റുഡന്‍സ് സെന്ററില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാനായി പോയപ്പോഴാണ് നസീമടക്കമുള്ള പ്രതികളെ അവിടെ കണ്ടത്. പൊലീസിന് വേണമെങ്കില്‍ ഇപ്പോഴും പ്രതികളെ പിടിക്കാം. അവരുടെ കൈയ്യെത്തും ദൂരത്ത് പ്രതികളുണ്ട്. എന്നാല്‍ അതു നടക്കുമെന്ന് കരുതുന്നില്ല. ഇന്നു രാത്രി തന്നെ അവരെല്ലാം ഒളിവില്‍ പോകും.’- ജിതിന്‍ പറഞ്ഞു.

എന്റെ കൂട്ടുകാരനാണ് ഇപ്പോള്‍ ജീവന്‍ തുലാസില്‍ വെച്ച് ആശുപത്രിയില്‍ കിടക്കുന്നത്. അവനു വേണ്ടിയാണ് ഞാനിവിടെ വന്ന് ഇതൊക്കെ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പേരില്‍ നാളെ എന്റെ ജീവനും ഒരുപക്ഷേ അപകടത്തിലാവും. എങ്കിലും എനിക്ക് ഇതു പറയാതെ പറ്റില്ല. അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ ആരോപിച്ചു.

അഖില്‍ ഇന്നലെ കാന്റീനിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടുപാടിയത് ഒരു യൂണിയനംഗത്തിന് ഇഷ്ടപ്പെട്ടില്ലെന്നും അയാള്‍ ഇടപെട്ട് പാട്ട് നിര്‍ത്തിച്ചതിന്റെ ബാക്കിയാണ് ഇന്നുണ്ടായതെന്നും ജിതിന്‍ പറഞ്ഞു.

‘ഇന്ന് മരച്ചുവട്ടിലിരുന്നു പാട്ടുപാടിയ അഖിലിനോട് പാട്ട് നിര്‍ത്താന്‍ പുതുതായി ഭാരവാഹിയായ വന്ന ഒരാള്‍ പറഞ്ഞു. തേര്‍ഡ് ഇയര്‍ ആയില്ലേ, ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടേ എന്ന് അഖില്‍ അയാളോടു ചോദിച്ചു. ഇതോടെ നിന്നെ കാണിച്ചുതരാം എന്നുപറഞ്ഞ് അയാള്‍ പോയി. കുറച്ച് കഴിഞ്ഞ് യൂണിയന്‍ ഭാരവാഹികളെ കൂട്ടിക്കൊണ്ടുവന്നു.

ശിവരഞ്ജിത്തിന്റെയും നിസാമിന്റെയും കൈകളില്‍ കത്തികളുണ്ടായിരുന്നു. പേനയുടെ രൂപത്തിലുള്ള മൂര്‍ച്ചയേറിയ കത്തികളായിരുന്നു ഇരുവരുടെയും കൈയിലുണ്ടായിരുന്നത്. ഇനി സംസാരിക്കാനൊന്നുമില്ല, അടിച്ചുതീര്‍ക്കാം എന്നുപറഞ്ഞ് അവര്‍ മര്‍ദനം തുടങ്ങി. അഖിലിനെ പിടിച്ചുവെച്ച ശേഷം നെഞ്ചത്തും മുതുകിലും കുത്തി.

അഖില്‍ കുറച്ചുദൂരം നടന്നു. പിന്നെ പറ്റുന്നില്ലെടാ എന്നുപറഞ്ഞ് നിലത്തുവീണു. അതോടെ ഞങ്ങളെല്ലാം കൂടി അവനെ പൊക്കിയെടുത്ത് പുറത്തേക്കുപോയി. ഇതൊരു കൈയബദ്ധമൊന്നുമല്ല. വലിച്ചൂരിയ കത്തിയുമായി അവര്‍ പറഞ്ഞത് മാറിനില്‍ക്ക് അല്ലെങ്കില്‍ നിങ്ങളെയും കുത്തുമെന്നാണ്.

യൂണിറ്റ് ഭാരവാഹികളുടെ ഗുണ്ടായിസമാണ് കോളേജില്‍ നടക്കുന്നതെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പേര് വെളിപ്പെടുത്താന്‍ തയ്യാറാവാതിരുന്ന ഒരു പെണ്‍കുട്ടി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും കുത്തേറ്റ അഖില്‍ വീണതിന് പെണ്‍കുട്ടികളടക്കം നൂറുകണക്കിന് പേര്‍ സാക്ഷികളാണെന്നും അവര്‍ പറഞ്ഞു.