ആശാരി വിഭാഗത്തിനെതിരായ അധിക്ഷേപം; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി അഖില്‍ മാരാര്‍
Kerala News
ആശാരി വിഭാഗത്തിനെതിരായ അധിക്ഷേപം; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി അഖില്‍ മാരാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 4:01 pm

തിരുവനന്തപുരം: ആശാരി വിഭാഗത്തിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. തന്റെ എഴുത്ത് വിശ്വകര്‍മ സമുദായത്തിലെ ഒരു വിഭാഗത്തിന് വേദനയും വിഷമവും ഉണ്ടാക്കിയെങ്കില്‍ നിങ്ങളോട് ഹൃദയത്തില്‍ നിന്ന് മാപ്പ് പറയുന്നുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഖില്‍ മാരാരിന്റെ ഖേദപ്രകടനം.

റാപ്പര്‍ വേടന്റെ അറസ്റ്റിലും തുടര്‍ന്നുണ്ടായ കേരള പൊലീസിന്റെയും വനംവകുപ്പിന്റെയും എക്‌സൈസിന്റെയും നടപടികളിലും പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് അഖില്‍ മാരാര്‍ ആശാരി വിഭാഗത്തെ അധിക്ഷേപിച്ചത്.

‘പണി എടുക്കാതെ കറങ്ങി നടക്കുന്ന ആശാരി ചേട്ടന്മാരെ ചോറ് റെഡി ആയി എന്ന് പറഞ്ഞൊന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ ഉളി രാകി പണിയോട് പണിയാണ്… അതാണ് ഇപ്പോള്‍ കേരള പൊലീസും എക്‌സ്സൈസും ചെയ്ത് കൂട്ടുന്നത്,’ എന്നായിരുന്നു അഖില്‍ മാരാരിന്റെ പരാമര്‍ശം.

പോസ്റ്റിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് അഖില്‍ മാരാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഒരു വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനായി ഒരു വിഭാഗത്തെ ഇകഴ്ത്തി കെട്ടണോ… തുടങ്ങിയ ചോദ്യങ്ങളാണ് അഖിലിന് നേരെയുണ്ടായത്.

‘ആശാരിമാര് ആരെയും പറ്റിച്ചും വെട്ടിച്ചും ഒന്നും അല്ലെടോ എല്ലുമുറിയേ പണിയെടുത്താണ് അന്നന്നത്തെ അന്നം ഉണ്ടാക്കുന്നത്,’ പ്രമോദ് കൃഷ്ണ എന്നയാള്‍ കുറിച്ചു. ആശാരിമാരെ അധിക്ഷേപിച്ച അഖില്‍ മാരാര്‍ മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു. അഖില്‍ മാരാര്‍ക്കെതിരെ കേസെടുക്കണമെന്നും ചിലര്‍ ആവശ്യപ്പട്ടിരുന്നു.

ഇതോടെ ആശാരിമാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് അഖില്‍ മാരാര്‍ എഡിറ്റ് ചെയ്യുകയും ചെയ്തു. വിവാദ പരാമര്‍ശം കുറിപ്പില്‍ നിന്ന് അഖില്‍ മാരാര്‍ നീക്കം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് അഖില്‍ ഖേദപ്രകടനം നടത്തിയത്.

‘എന്റെ അച്ഛന്‍ പഠിച്ചതും ചെയ്തതും ആശാരി പണിയും മേശിരി പണിയുമാണ്. സൗദിയില്‍ 15 വര്‍ഷം ചെയ്ത ജോലിയും പിന്നീട് നാട്ടില്‍ ചെയ്ത ജോലിയും ഇത് തന്നെയാണ്. ഏഴ് വര്‍ഷം മുന്‍പ് രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ തട്ടിന്റെ പണി ചെയ്യവേ പലക ഇളകി പുറത്തടിച്ച് താഴെ റോഡിലേക്ക് വീണ് ഒരു വര്‍ഷത്തോളം മെഡിക്കല്‍ കോളേജില്‍ കിടപ്പിലായ പിന്നീട് ജോലി ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥയില്‍ ആയ ആളാണ്. അതുകൊണ്ട് ഞാന്‍ എഴുതിയത് ആരെയും ആക്ഷേപിക്കുക എന്ന ചിന്തയില്‍ ആയിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടില്‍ കാലങ്ങള്‍ ആയി പറയുന്ന ഒരു തമാശ ആവര്‍ത്തിച്ചു എന്ന് മാത്രം,’ അഖില്‍ മാരാര്‍ പറഞ്ഞു.

നിലവില്‍ ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള പോസ്റ്റിന് താഴെയും അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനം തുടരുന്നുണ്ട്.

Content Highlight: Akhil Marar expresses regret after criticism for insulting the carpenter community