എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് റാമും ആശാറാം ബാപ്പുവുമടക്കമുള്ള വ്യാജ ആള്‍ദൈവങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി
എഡിറ്റര്‍
Monday 18th September 2017 8:59pm


യു.പി: ഗുര്‍മീത് റാംറഹീമും ആശാറാം ബാപ്പുവും അടക്കമുള്ള ആള്‍ദൈവങ്ങള്‍ സന്യാസിമാരല്ലെന്ന് പ്രഖ്യാപിച്ച അഖില ഭാരതീയ അഖാര പരിഷത് വക്താവിനെ കാണാതായി. മഹന്ത് മോഹന്‍ ദാസ് എന്നയാളെയാണ് ഹരിദ്വാറില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായത്.

ആള്‍ദൈവങ്ങളുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് മഹന്ത് മോഹന്‍ ദാസ് പറഞ്ഞിരുന്നതായി അഖാര പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. കാണാതാകലിന് പിന്നില്‍ വ്യാജബാബമാരുടെ ആളുകളാകാമെന്നും നരേന്ദ്രഗിരി പറഞ്ഞു.

സെപ്റ്റംബര്‍ 15 മുതലാണ് മഹന്ത് മോഹന്‍ദാസിനെ കാണാതായത്. മുംബൈയിലെ കല്ല്യാണില്‍ ഇദ്ദേഹത്തെ വരവേല്‍ക്കാന്‍ അനുയായികള്‍ കാത്തിരുന്നെങ്കിലും ലഗേജ് മാത്രമാണ് ട്രെയിനില്‍ കണ്ടെത്താനായിരുന്നത്.

സംഭവത്തില്‍ യു.പി, ദല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് പൊലീസ് സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്

13 അഖാരകളുടെ സംയുക്തരൂപമാണ് അഖില ഭാരതീയ അഖാര പരിഷത്. സെപ്റ്റംബര്‍ പത്തിന് 14 വ്യാജ ആള്‍ദൈവങ്ങളുടെ പേര് സംഘടന പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹന്ത് മോഹന്‍ദാസിന് ഗുര്‍മീത് റാമിന്റെയും ആശാറാം ബാപ്പുവിന്റെയും അനുയായികളില്‍ നിന്നടക്കം ഭീഷണി വന്നത്.

Advertisement