ലോജിക്കും ഫിസിക്‌സും അടുത്തുകൂടെ പോയിട്ടില്ലെന്ന് ഉറപ്പ്, റിലീസിന് മുമ്പ് സാമ്പിള്‍ വെടിക്കെട്ടുമായി അഖണ്ഡ 2 ടീസര്‍
Indian Cinema
ലോജിക്കും ഫിസിക്‌സും അടുത്തുകൂടെ പോയിട്ടില്ലെന്ന് ഉറപ്പ്, റിലീസിന് മുമ്പ് സാമ്പിള്‍ വെടിക്കെട്ടുമായി അഖണ്ഡ 2 ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th November 2025, 3:24 pm

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ഡാക്കു മഹാരാജിന് ശേഷം ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ടീസറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മാസ് മൊമന്റുകള്‍ നിറഞ്ഞ ടീസറാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

അഖണ്ഡയുടെ ആദ്യഭാഗത്തിലെ ഗെറ്റപ്പിലും ബാലകൃഷ്ണ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകര്‍ക്ക് പരമാവധി ആഘോഷമാക്കാനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ടീസര്‍ അടിവരയിടുന്നു. ബാലകൃഷ്ണയുടെ ട്രേഡ്മാര്‍ക്ക് ഐറ്റമായ ഓവര്‍ ദി ടോപ് ഫൈറ്റുകളുടെ വലിയൊരു ശേഖരം അഖണ്ഡ 2വിലുണ്ട്.

ബൗണ്‍സ് ചെയ്ത് വരുന്ന ശൂലമെടുത്ത് വില്ലനെ കുത്തുക, ഒരു ഗദ കൊണ്ട് നാല് വില്ലന്മാരെ അടിച്ച് തെറിപ്പിക്കുക, ശൂലം കൊണ്ട് വില്ലനെ അടിച്ച് പറപ്പിക്കുക തുടങ്ങിയ ഗംഭീര ആക്ഷന്‍ സീനുകള്‍ പുതിയ ടീസറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണയുടെ മെഗാ മാസ് അവതാരം തന്നെയാകും അഖണ്ഡ 2വെന്ന് ടീസര്‍ അടിവരയിടുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. മെഷീന്‍ ഗണ്‍ ശൂലം ഉപയോഗിച്ച് ഫയര്‍ ചെയ്യുന്ന സീനെല്ലാം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഡാക്കു മഹാരാജിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തില്‍ ബാലകൃഷ്ണ നന്നായി എന്ന് കരുതിയെങ്കിലും വീണ്ടും പഴയ ട്രാക്കിലേക്ക് മടങ്ങിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 120 കോടിയിലേറെ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. കേരളത്തിലും ബാലകൃഷ്ണക്ക് ആരാധകരുണ്ടായി തുടങ്ങിയത് അഖണ്ഡക്ക് ശേഷമാണ്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗവുമായി ബാലയ്യ എത്തുന്നത് വെറുതേയാകില്ലെന്നാണ് കരുതുന്നത്.

മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ബജ്‌റംഗി ഭായ്ജാനിലൂടെ ശ്രദ്ധ നേടിയ ഹര്‍ഷാലി മല്‍ഹോത്രയും അഖണ്ഡ 2വിലുണ്ട്. ആദി പിനിഷെട്ടി, ശാശ്വത ചാറ്റര്‍ജി എന്നിവരാണ് മറ്റ് താരങ്ങള്‍. ബാലകൃഷ്ണയുടെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസായ അഖണ്ഡ 2 ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content Highlight: Akhanda 2 second teaser discussing in social media