ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ് തെലുങ്ക് ചിത്രം അഖണ്ഡ 2. നന്ദമൂരി ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് കഴിഞ്ഞദിവസം പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരുന്നു. റെഗുലര്‍ ഷോയ്ക്ക് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകള്‍ വന്നുതുടങ്ങി.
കൊവിഡിന് മുമ്പുള്ള തന്റെ ാേസണിലേക്ക് ബാലകൃഷ്ണയുടെ മടങ്ങിപ്പോക്കാണ് ഈ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോജിക് എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബാലകൃഷ്ണയെ സൂപ്പര്‍ഹീറോയായി പരിഗണിക്കണമെന്നാണ് പല റിവ്യൂകളും.
വില്ലന്മാരുടെ ഗ്യാങ് അയക്കുന്ന റോബോട്ടുകളെ വരെ ബാലയ്യ ഇടിച്ചിടുന്നുണ്ട്. റോബോട്ടുകളുടെ ഇലക്ട്രിക് ഷോക്കൊന്നും തനിക്ക് പ്രശ്‌നമല്ലെന്ന രീതിയിലാണ് താരത്തിന്റെ ഫൈറ്റ് സീക്വന്‍സുകള്‍. റോബോട്ടുകളെ വരെ ഇടിച്ച് പപ്പടമാക്കുന്ന നായകന് മനുഷ്യരൊന്നും വലിയ എതിരാളി പോലുമല്ലെന്നും തെളിയിക്കുന്നുണ്ട്.
വില്ലനെ ഗദ കൊണ്ടടിച്ച ശേഷം ഹാര്‍ട് ബീറ്റ് പരിശോധിക്കുന്ന രംഗമെല്ലാം ഇതിനോടകം വൈറലായി. ഇത്രയും സൂപ്പര്‍പവര്‍ കൈയിലുള്ള നായകനെ മാര്‍വെലോ ഡി.സിയോ ഏറ്റെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം ഒരു ലോഡ് ട്രോളിനുള്ള വക അഖണ്ഡ 2വിലുണ്ടെന്നാണ് കണക്കൂകൂട്ടല്‍.
വില്ലന്മാരെ ഇടിച്ച് പറപ്പിക്കുന്നതിനൊപ്പം ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് നായകന്റെ വക അടിക്കടി ക്ലാസുകളും ഈ സിനിമയിലുണ്ട്. ആദ്യ ഭാഗത്തെക്കാള്‍ ഡോസ് കൂടിയ ഉപദേശമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ ചിത്രം വേണ്ടത്ര തിളങ്ങാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും റിലീസായതുമുതല്‍ ട്രോള്‍ പേജുകളുടെ ഇരയായിട്ടുണ്ട്. ഓവര്‍ ദി ടോപ് ഫൈറ്റുകളുടെ അതിപ്രസരത്തിനൊപ്പം മോശം വി.എഫ്.എക്‌സും ട്രോളിന് വിധേയമായിരുന്നു. ഡാക്കു മഹാരാജ് എന്ന ഗംഭീര ചിത്രത്തിന് ശേഷം ബാലകൃഷ്ണ നായകനാകുന്ന ചിത്രമാണ് അഖണ്ഡ 2.
ഡാക്കു മഹാരാജ്, ഓ.ജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമന്‍. എസ് അറിഞ്ഞ് പണിയെടുത്ത ചിത്രമാണിതെന്നും അഭിപ്രായങ്ങളുണ്ട്. തമന്റെ ബി.ജി.എം ഇല്ലായിരുന്നെങ്കില്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടിയേനെയെന്നും റിവ്യൂകളുണ്ട്. വന്‍ ബജറ്റില്‍ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ അഖണ്ഡ 2 സംവിധാനം ചെയ്തിരിക്കുന്നത് ബോയപ്പട്ടി ശ്രീനുവാണ്.