തിരുവനന്തപുരം: ആകാശത്തിന്റെ നിറം ഇറാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ അമ്പലക്കര നിര്‍മിച്ച് ബിജു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ആകാശത്തിന്റെ നിറം.[]
മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക ചിത്രമാണ് “ആകാശത്തിന്റെ നിറം”. നേരത്തെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ചിത്രത്തില്‍ ഇന്ദ്രജിത്ത്, അമല പോള്‍, നെടുമുടി വേണു, പൃഥ്വിരാജ്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, മാസ്റ്റര്‍ ഗോവര്‍ധനന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
എം.ജെ.രാധാകൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റിങ് മനോജ്. ഒ.എന്‍.വി.യുടെ വരികള്‍ക്ക് രവീന്ദ്രജെയിനാണ് ഈണം. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് പശ്ചാത്തല സംഗീതം.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍പ്പെട്ട നീല്‍ദ്വീപിലാണ് ചിത്രീകരിച്ചത്.
ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കഴിയുന്ന നാലുപേരുടെ ജീവിതത്തിലേക്ക് പുറത്തുനിന്നൊരാള്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് കഥ നീങ്ങുന്നത്.
എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകളുടെ ചുരുക്കപ്പട്ടികയിലും ആകാശത്തിന്റെ നിറം ഇടംപിടിച്ചിരുന്നു.
