ഇന്ത്യയുടെ ടി – 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ യുവതാരം യശസ്വി ജെയ്സ്വാള്‍ കൂടി ഉണ്ടാവേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഏഷ്യാ കപ്പിന് മുമ്പ് ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനമാണ് ജെയ്സ്വാളിന് അവസരം കിട്ടുന്നതില്‍ വിലങ്ങു തടിയായത് എന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ കൂട്ടുകെട്ട് വിജയിച്ചതോടെ താരത്തിന് ഒരു അവസരവും ലഭിച്ചില്ലെന്നും പിന്നീട് ജെയ്സ്വാളിനെ എല്ലാവരും പാടെ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Gulshan Katiyar/x.com
‘യശസ്വി ജെയ്സ്വാള്‍ കളിക്കുന്ന രീതി പരിഗണിക്കുമ്പോള്‍ അവന്‍ ലോകകപ്പിനുള്ള ടീമില്‍ ആദ്യം ഇടം പിടിക്കുമായിരുന്നു. 2024-ലെ ടി20 ലോകകപ്പ് ടീമില്‍ അവന്‍ ഉണ്ടായിരുന്നുതാനും. എന്നാല്‍ അന്ന് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ അവന് സെഞ്ച്വറിയുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആറ് ഇന്ത്യക്കാരില്‍ ഒരാളാണ് ജെയ്സ്വാള്‍.
ടെസ്റ്റില്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ടി – 20യില്‍ പിന്നീട് ഒരിക്കലും പരിഗണിക്കപ്പെട്ടില്ല. ഇതിനിടയില്‍ അഭിഷേകും സഞ്ജുവും ഓപ്പണര്‍മാരായി വന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പെട്ടെന്നാണ് ടീമില്‍ ജെയ്സ്വാളിന് ഇനി സ്ഥാനമില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നത്. പിന്നീട് ഒരു ഓപ്പണറുടെ ആവശ്യം വന്നപ്പോള്‍ ഇന്ത്യ തെരഞ്ഞെടുത്തത് ശുഭ്മന്‍ ഗില്ലിനെയാണ്. അവനെ ടീമിലെടുക്കുക മാത്രമല്ല, വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു.
അതോടെ ഗില്ലിനെ ടീമില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത സാഹചര്യമായി. ഞാന്‍ തെരഞ്ഞെടുത്ത ഏഷ്യാ കപ്പ് ടീമില്‍ ജെയ്സ്വാളിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗില്‍ വൈസ് ക്യാപ്റ്റനായി വന്നതോടെ ബാക്കിയെല്ലാം ചരിത്രമായി. അങ്ങനെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ജെയ്സ്വാളിനെ എല്ലാവരും പാടെ മറന്നു,’ ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം, ബി.സി.സി.ഐ ഡിസംബര്‍ 20ന് ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായപ്പോള്‍ അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനായി. ഏഷ്യ കപ്പിലടക്കം ടീമിന്റെ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. അതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ തിരിച്ചെത്തി.