2024 ടി-20 ലോകകപ്പ് ടീമില്‍ ഉണ്ടായിട്ടും അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല: ആകാശ് ചോപ്ര
Cricket
2024 ടി-20 ലോകകപ്പ് ടീമില്‍ ഉണ്ടായിട്ടും അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല: ആകാശ് ചോപ്ര
സുദേവ് എ
Wednesday, 29th April 2026, 12:40 pm

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിനെ ഇന്ത്യന്‍ ടി-20 ടീമിലേക്ക് പരിഗണിക്കാത്തത് ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 2024 ടി-20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിട്ട് പോലും ജെയ്സ്വാളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ അവന്റെ പ്രകടനം നോക്കൂ. 2024 ടി-20 ലോകകപ്പ് നേടിയ ടീമില്‍ അവനുണ്ടായിരുന്നു. പിന്നീട് അവന്‍ ടീമില്‍ നിന്നും പുറത്തായി. എന്നാല്‍ ആരും അവനെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരെയും തെരഞ്ഞെടുക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ ടീമിലെടുക്കണമെന്ന് ഞാന്‍ പറയുന്നില്ല. ടീമില്‍ സ്ഥാനങ്ങളൊന്നും ഒഴിവില്ലെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവന്റെ ഐ.പി.എല്‍ റണ്‍സ് നോക്കിയാല്‍ മതി. മികച്ച സ്‌ട്രൈക്ക് റേറ്റും ശരാശരിയും അവനുണ്ട്. എല്ലാം അവന്‍ ശരിയായി ചെയ്യുന്നുണ്ട്. 2024ന് ശേഷം പാലില്‍ നിന്നും ഒരു ഈച്ചയെ എടുത്ത് വലിച്ചെറിയുന്ന പോലെയായിരുന്നു അവനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. ആ വ്യക്തി എന്ത് തെറ്റാണ്?’, ആകാശ് ചോപ്ര പറഞ്ഞു.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ജെയ്സ്വാള്‍ നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ചോപ്രയുടെ പ്രസ്താവന. മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ജെയ്‌സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.

യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com

മത്സരത്തില്‍ മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമായും ജെയ്‌സ്വാള്‍ മാറി. 20 തവണയാണ് താരം ഇതുവരെ രാജസ്ഥാന് വേണ്ടി 50+ സ്‌കോര്‍ ചെയ്തത്. നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും മുന്‍ ആര്‍.ആര്‍ താരവുമായിരുന്നു അജിന്‍ക്യ രഹാനെയെ മറികടന്നാണ് ജെയ്സ്വാള്‍ രണ്ടാമനായത്.

അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്ക് പഞ്ചാബിനെ വീഴ്ത്തിയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അപരാജിത കുതിപ്പിന് രാജസ്ഥാന്‍ അന്ത്യം കുറിച്ചത്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Akash Chopra Talks About Yashasvi Jaiswal

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.