ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെയും അകീല്‍ ഹൊസൈനിന്റെയും കരുത്തിലാണ് ചെന്നൈയുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 104 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. മാത്രമല്ല വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു.
ഇപ്പോള്‍ മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മത്സരത്തില്‍ അകീല്‍ ഹുസൈനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചത് സഞ്ജുവാ ആണെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്. ഒരു ഓപ്പണാറായി തുടങ്ങി സഞ്ജു പിന്നീട് ഫിനിഷറായി അവസാനിപ്പിക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ചേട്ട സൂപ്പര്‍ കിങ്, നന്നായിട്ടുണ്ട്. അദ്ദേഹം അവിശ്വസനതീയമായി ബാറ്റ് ചെയ്തു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ്. ഒരു ചെന്നൈ ബാറ്ററും രണ്ട് സെഞ്ച്വറിയില്‍ കൂടുതല്‍ നേടിയിട്ടില്ല. ഇത് അദ്ദേഹത്തിന്റെ ആദ്യ സീസണാണ്. ഏഴ് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ഇതുവരെ രണ്ട് സെഞ്ച്വറിയും നേടി. ഈ രണ്ട് സെഞ്ച്വറിയിലും അദ്ദേഹം പുറത്താകാതെ നിന്നു. ചേട്ടന്‍ കളിക്കുമ്പോള്‍ ഒരു ഓപ്പണറായി തുടങ്ങി ഫിനിഷറായി മാറും. അകീല്‍ ഹൊസൈന്‍ ടീമിലേക്ക് വരാന്‍ കാരണം അദ്ദേഹമാണ്. ചെന്നൈ ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ വിക്കറ്റുകള്‍ വീണിരുന്നെങ്കില്‍ ചെന്നൈക്ക് ഇമ്പാക്ട് പ്ലെയറെ ഇറക്കേണ്ടി വരുമായിരുന്നു. സഞ്ജു പുറത്തായിരുന്നെങ്കില്‍ പ്രശാന്ത് വീറിനെ അയക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് അകീലിന്റെ വിക്കറ്റുകളില്‍ പോലും സഞ്ജുവിന് പങ്കുണ്ട്’, ആകാശ് ചോപ്ര പറഞ്ഞു.
ഇംപാക്ട് പ്ലെയറായി വന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അകീല്‍ ഹൊസൈന്‍ സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജാപ്നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. ഇന്നിങ്സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
ബാറ്റിങ്ങില്‍ മുംബൈക്ക് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് 36 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 37 റണ്‍സ് നേടിയ തിലക് വര്‍മയുമായിരുന്നു. മുംബൈക്ക് വേണ്ടി ബൗളിങ്ങില്‍ അല്ലാ ഗസന്‍ഫര്‍, അശ്വനികുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റ്നറും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlight: Akash Chopra Talks about Sanju Samson Century against Mumbai Indians