സഞ്ജുവിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി ആകാശ് ചോപ്ര
Cricket
സഞ്ജുവിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Monday, 26th January 2026, 2:21 pm

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കെതിരെ മൂന്നാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 153 എന്ന അനായാസം മറികടക്കാവുന്ന വിജയലക്ഷ്യമായിരുന്നിട്ടും, സഞ്ജുവിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യയ്ക്ക് പൊരുതേണ്ടി വന്നേക്കാമായിരുന്നെന്ന് പറയുകയാണ് ആകാശ് ചോപ്ര.

ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ അങ്ങനെ സംഭവിക്കുമെന്നും സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ പുറത്തായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു മോശം പ്രകടനവുമായാണ് പുറത്തായതെന്നും ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

‘153 റണ്‍സ് നേടിയാലും പോരാട്ടം വേണ്ടിവരുമോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ആദ്യ പന്തില്‍ തന്നെ ഒരു വിക്കറ്റ് വീണാല്‍ അങ്ങനെ സംഭവിക്കും. സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. മാത്രമല്ല കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം പുറത്തായി. പക്ഷെ ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണ്‍ ബൗള്‍ഡായപ്പോള്‍ – Photo: getty

ഇത്തവണയും ഇഷാന്‍ കിഷന്‍ ചെറുതാണെങ്കിലും അഗ്രസീവായ ഒരു ഇന്നിങ്സ് കളിച്ചു. അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു, വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ അദ്ദേഹം മതിയായ റണ്‍സ് നേടിയിരുന്നു, അദ്ദേഹം ഉടനെയൊന്നും ഈ പ്രകടനം നിര്‍ത്താന്‍ പോകുന്നില്ല. അപ്പോള്‍ ഈ മത്സരത്തില്‍ ആരാണ് മുന്നിലുള്ളത്?,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തത് വലിയ ആശങ്കയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ഏറെ കാത്തിരിപ്പിനും അവഗണനകള്‍ക്കും ശേഷം കൈവന്ന ഓപ്പണിങ് സ്പോട്ടും ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമോ എന്ന ചോദ്യമാണ് തന്നെയാണ് അതിന് കാരണം. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പരമ്പരയിലെ മൂന്നാം മത്സരത്തിലും സഞ്ജു പരാജയപ്പെട്ടിരിക്കുകയാണ്.

കിവീസിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമാണ് എടുത്തത്. രണ്ടാം ടി – 20 യില്‍ താരത്തിന് അഞ്ച് പന്തില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് മലയാളി താരം തിരികെ നടന്നത്.

അതേസമയം ലോകകപ്പിനും കിവീസിനെതിരെയുമുള്ള പരമ്പരയ്ക്കുമുള്ള ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇഷാന്‍ ആദ്യ മത്സരത്തില്‍ എട്ട് റണ്‍സിന് മടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ 76 റണ്‍സും മൂന്നാം മത്സരത്തില്‍ 28 റണ്‍സുമായും ഫോമിലേക്ക് തിരിച്ചെത്തി. ഇതോടെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ചചെയ്യുന്നത്.

അതേസമയം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാവുമാണ് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു. പരമ്പരയിലെ നാലാം മത്സരം ജനുവരി 28ന് ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Akash Chopra Talking About Sanju Samson And Ishan Kishan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ