ടീമില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ സഞ്ജുവിന് അത് ചെയ്‌തേ പറ്റൂ... മുന്നറിയിപ്പുമായി ചോപ്ര
Cricket
ടീമില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ സഞ്ജുവിന് അത് ചെയ്‌തേ പറ്റൂ... മുന്നറിയിപ്പുമായി ചോപ്ര
ശ്രീരാഗ് പാറക്കല്‍
Saturday, 24th January 2026, 1:41 pm

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ച് പന്തില്‍ ഒരു സിക്‌സര്‍ നേടിയാണ് താരം മടങ്ങിയത്. ആദ്യ മത്സരത്തില്‍ 10 റണ്‍സിനും താരം പുറത്തായിരുന്നു. ഇപ്പോള്‍ സഞ്ജുവിന് മുന്നിറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ 76 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പരിക്കേറ്റ തിലക് വര്‍മ മടങ്ങിയെത്തിയാല്‍ സഞ്ജുവിന് പകരം ഇഷാനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ സമ്മര്‍ദത്തെ മറികടന്ന് റണ്‍സ് നേടിയാല്‍ മാത്രമേ സഞ്ജുവിന് ടീമില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍- Photo: Sports Yaari

‘റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 76 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പരിക്കേറ്റ തിലക് വര്‍മ മടങ്ങിയെത്തിയാല്‍ സഞ്ജുവിന് പകരം ഇഷാനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. തിരിച്ചുവരവുകള്‍ അരങ്ങേറ്റത്തേക്കാള്‍ കഠിനമാണ്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിട്ടും രണ്ടാം മത്സരത്തില്‍ ഇഷാന്‍ കാണിച്ച ആത്മവിശ്വാസം അഭിന്ദനം അര്‍ഹിക്കുന്നതാണ്. സഞ്ജു ഇപ്പോള്‍ കടുത്ത സമ്മര്‍ദത്തിലാണ്. റണ്‍സ് നേടിയാല്‍ മാത്രമേ സഞ്ജുവിന് ഇനി ടീമില്‍ പിടിച്ചുനില്‍ക്കാനാകൂ,’ ആകാശ് ചോപ്ര പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ അടുത്ത മത്സരം ജനുവരി 25ന് ഗുവാഹത്തിയിലാണ് അരങ്ങേറുന്നത്. മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം കിവീസിനെതിരെ റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 15.2 ഓവറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്. സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 221.62 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

Content Highlight: Akash Chopra Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ