സ്ഥിരം വിമര്‍ശകന്‍ വീണ്ടുമെത്തി; സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
സ്ഥിരം വിമര്‍ശകന്‍ വീണ്ടുമെത്തി; സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 2:48 pm

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ മുന്‍ നിര ബാറ്റര്‍മാരെല്ലാവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ദീപക് ഹൂഡയുടെയും അക്‌സര്‍ പട്ടേലിന്റെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.

ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സഞ്ജു സാംസണും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ആറ് പന്തില്‍ നിന്നും കേവലം അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അനാവശ്യ ഷോട്ട് കളിച്ചായിരുന്നു താരത്തിന്റെ മടക്കം.

ഗില്ലും സൂര്യകുമാര്‍ യാദവും ഒറ്റയക്കത്തിന് പുറത്തായതിന് പിന്നാലെയാണ് സഞ്ജു കളത്തിലിറങ്ങിയത്. എന്നാല്‍ ഇരുവരെയും പോലെ സഞ്ജുവും ഒറ്റയക്കത്തിന് മടങ്ങുകയായിരുന്നു.

സഞ്ജു പുറത്തായതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു ഇവര്‍ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനുമുന്നയിച്ചത്.

ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും സഞ്ജുവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയണ്. സഞ്ജു അനാവശ്യമായി ഷോട്ട് കളിച്ച് പുറത്തായതെന്നായിരുന്നു അദ്ദഹേം പറഞ്ഞത്.

‘നമ്മള്‍ ബാറ്റിങ്ങില്‍ ധാരാളം പോരായ്മകള്‍ വരുത്തി. സാംസണ്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ആ ഷോട്ട് കണ്ടിട്ട് ആരാധകര്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. അതിന്റെ ഒരു ആവശ്യവുമില്ലായിരുന്നു. ധനഞ്ജയ ഡി സില്‍വ ഓഫ് സ്പിന്‍ എറിഞ്ഞു, പന്ത് കുത്തനെ മുകളിലേക്കുയര്‍ന്നു,’ ചോപ്ര പറയുന്നു.

അക്‌സര്‍ പട്ടേലിന്റെയും ദീപക് ഹൂഡയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയെ 162 റണ്‍സ് എന്ന ടോട്ടലിലെത്തിച്ചത്. ഹൂഡ 23 പന്തില്‍ നിന്നും പുറത്താകാതെ 41 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ നിന്നും 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇവര്‍ക്ക് പുറമെ ഇഷാന്‍ കിഷനും തരക്കേടില്ലാതെ ബാറ്റ് ചെയ്തു.

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത ഓവറില്‍ 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ജനുവരി അഞ്ചിനാണ് പരമ്പരയിലെ രണ്ടാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

 

 

Content Highlight: Akash Chopra slams Sanju Samson for his poor innings