സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പാണ് ഇന്ത്യന്‍ ടീമിനുള്ള അടുത്ത വെല്ലുവിളി. ടൂര്‍ണമെന്റിന് ഏതെല്ലാം താരങ്ങളാവും ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആരൊക്കെ ഈ ടീമിലെത്തണമെന്നതിന് ഓരോരുത്തര്‍ക്കും വ്യത്യസ്ത ഉത്തരങ്ങളാണ്.
എന്നാല്‍, ചില താരങ്ങളുടെ പേരില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായവുമാണ്. അങ്ങനെ ഒരാളാണ് മുംബൈ താരവും പഞ്ചാബ് കിങ്സ് നായകനുമായ ശ്രേയസ് അയ്യര്‍. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ എല്ലാവരും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം ഇടം പിടിക്കുമെന്ന് കരുതിയിരുന്നു. ടീം വന്നപ്പോള്‍ താരത്തിന് അവസരം ലഭിച്ചില്ല.
ഇപ്പോള്‍ താരം ഏഷ്യ കപ്പിനുണ്ടാവുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ശ്രേയസിന് ടീമില്‍ സ്ഥാനമുണ്ടോ എന്നതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘അതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. പക്ഷെ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. എല്ലാവരും ശ്രേയസ് കളിക്കണമെന്ന് ആഗ്രഹിക്കുന്നു. കളി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇന്ത്യയില്‍ ഒരുപാട് പേരുണ്ട്. ശ്രേയസ് അങ്ങനെ ഒരാളാണ്.
കഴിഞ്ഞ ഐ.പി.എല്ലില്‍ തന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് അവനെത്തിയത്. ആര്‍.സി.ബിക്കെതിരെയായ മത്സരം ഒഴിച്ച് നിര്‍ത്തിയാല്‍ സീസണില്‍ മികച്ച പ്രകടനമായിരുന്നു അവന്റേത്. പക്ഷേ, അവന് ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനം ഇല്ലായെന്നതാണ് സത്യം,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് ചോപ്ര വിലയിരുത്തി. അവരില്‍ ഒരാളെ എങ്ങനെ മാറ്റാനാവും? തിലക് വര്‍മ മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ സൂര്യയ്ക്ക് തന്റെ സ്ഥാനം നഷ്ടമായി എന്നത് ഒരു സത്യമാണ്. അവര്‍ ആ സ്ഥാനത്ത് മാറികൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് നാലാം നമ്പര്‍ വരെ ശ്രേയസിന് ഒരു സ്ഥാനമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യ കപ്പിന് തുടക്കമാവുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് യു.എ.ഇയിലാണ് നടക്കുക. ഈ വര്‍ഷം ടൂര്‍ണമെന്റ് എത്തുന്നത് ടി-20 ഫോര്‍മാറ്റിലാണ്. പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്.
Content Highlight: Akash Chopra says that Shreyas Iyer has no place in lineup in Indian Team for Asia Cup