മലയാളി താരം സഞ്ജു സാംസണിന് റണ്‍സ് ഇല്ലാത്തതിനെക്കാള്‍ താരത്തിന്റെ ടെക്‌നിക്കല്‍ പിഴവുകളാണ് തിരിച്ചടിയാകുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു വര്‍ഷത്തിനിടയില്‍ രണ്ട് പരമ്പരകളിലാണ് താരം ഒരേ രീതിയില്‍ പുറത്തായതെന്നും ലോകോത്തര ബാറ്റര്‍മാര്‍ പിഴുവുകള്‍ അപൂര്‍വമായേ ആവര്‍ത്തിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പുറത്താവുന്നതിലെ ആവര്‍ത്തനവും താളം തെറ്റിയ ബാറ്റിങ്ങുമാണ് സഞ്ജുവിന്റെ വിധി നിശ്ചയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍. ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mufaddal Vohra/x.com
‘ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം പരമ്പരയിലാണ് സഞ്ജു ഒരേ രീതിയില്‍ പുറത്താകുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പാരമ്പരയിലൂടെയാണ ഇത് തുടങ്ങിയത്. ഒരു ലോകോത്തര ബാറ്റര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ പുറത്താകുന്നത് വളരെ അപൂര്‍വമാണ്.
സഞ്ജുവിന്റെ കാര്യത്തില്‍ അത് സംഭവിക്കുന്നു. അഞ്ച് തവണയാണ് അവന്‍ ഷോട്ട് ബോളില്‍ ക്യാച്ച് നല്‍കി പുറത്തായത്. പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കുമ്പോഴും ഈ പിഴവ് പ്രകടമാണ്. പന്ത് എറിയുന്നതിന് മുമ്പ് തന്നെ ക്രീസിലേക്ക് ഇറങ്ങി നില്‍ക്കുന്ന അവന്‍ ഫൂട് അനക്കുന്നില്ല.
അതിനാല്‍ ഓരോ തവണയും ബാറ്റ് നിങ്ങളുടെ ശരീരത്തോട് അടുത്തായിരിക്കും. ഇതോടെ ഒരു പാറ്റേണ്‍ രൂപീകരിക്കുകയും ഇത് തന്നെ ആവര്‍ത്തിക്കപ്പെടുകയും ചെയ്തു. റണ്‍സ് ലഭിക്കുന്നില്ല എന്നതിനേക്കാള്‍ ഉപരി ഈ ആവര്‍ത്തനവും താളം തെറ്റിയുള്ള ബാറ്റിങ്ങുമാണ് സഞ്ജുവിന്റെ ഭാവി നിശ്ചയിച്ചത്,’ ചോപ്ര പറഞ്ഞു.
സഞ്ജു സാംസൺ. Photo: BCCI/x.com
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ ലഭിച്ചത്. എന്നാല്‍, കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അവസരം മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങളില്‍ താരം 46 റണ്‍സാണ് എടുത്തത്.
പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് സഞ്ജുവിന് നേരെ ഉയരുന്നത്.
താരത്തിന് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നും ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
Content Highlight: Akash Chopra says rather than lack of runs, pattern of getting out is sealed fate of Sanju Samson