ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് ആകാശ് ചോപ്ര. ഇന്ത്യന്‍ ടീം ഇപ്പോഴും ചാമ്പ്യന്‍സ് ട്രോഫിയുടെ ഹാങ്ങോവറില്‍ നിന്ന് പുറത്തത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഹാങ്ങോവറുണ്ട്. മാര്‍ച്ചില്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഈ സെപ്റ്റംബറിലും ഇന്ത്യന്‍ ടീം ഉപയോഗിച്ചത്. വ്യത്യസ്ത ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍ ഇങ്ങനെയാണോ ഇന്ത്യന്‍ പ്ലാന്‍ ചെയ്യുന്നത്?
ഏറ്റവും മികച്ച ടീമിനെയാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്. അര്‍ഷ്ദീപ് സിങ് ടി – 20യില്‍ ഇന്ത്യന്‍ ടീമിനായി 99 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറയെക്കാള്‍ മികച്ച നമ്പറാണിത്,’ ചോപ്ര പറഞ്ഞു.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യ ബൗളര്മാരായി ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ശിവം ദുബെയുമായിരുന്നു ഉണ്ടായിരുന്നത്. അതോടെയാണ് അര്‍ഷ്ദീപിന് ടീമില്‍ അവസരം ലഭിക്കാതിരുന്നത്. മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം കൊടുത്തത്.
അതേസമയം, ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തില്‍ യു.എ.ഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം മെന്‍ ഇന്‍ ബ്ലൂ 93 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ കുല്‍ദീപ് യാദവും ശിവം ദുബെയും ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മയും മികവ് തെളിയിച്ചു.