ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയാണിത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുണ്ടായിരുന്നിട്ടും, ഒടുവില്‍ കളിച്ച മത്സരത്തില്‍ എതിരാളികളുടെ മടയില്‍ നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിട്ടും ഏകദിന ടീമില്‍ താരത്തെ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനവും ബി.സി.സി.ഐക്കെതിരെ ഉയര്‍ന്നിരുന്നു.
സഞ്ജു സാംസണ്‍. Photo: BCCI/x.com
കിവീസിനെതിരായ പരമ്പരയിലും സഞ്ജു സാംസണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടമുണ്ടാകില്ലെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെയാണ് ആകാശ് ചോപ്ര തന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ടീം തെരഞ്ഞെടുക്കുന്നത്.
ആകാശ് ചോപ്ര
‘ഗില്‍ ആരോഗ്യവാനാണ്, അവന്‍ ക്യാപ്റ്റനായി മടങ്ങിയെത്തും. അക്കാര്യത്തില്‍ ഒരു ചോദ്യമോ സംശയമോ ആവശ്യമില്ല. രോഹിത് ശര്‍മയായിരിക്കും അവനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതിനര്‍ത്ഥം എന്താണ്, സെഞ്ച്വറിയടിച്ച യശസ്വി ജെയ്‌സ്വാള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മൂന്നാം നമ്പറില്‍ കഴിഞ്ഞ പരമ്പരയുടെ താരം വിരാട് കോഹ്‌ലി തന്നെയെത്തും,’ ചോപ്ര പറഞ്ഞു.
ശ്രേയസ് അയ്യരിന്റെ അഭാവം കാരണം നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദിനെയാണ് ചോപ്ര നിര്‍ദേശിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍. രാഹുലും ടീമിന്റെ ഭാഗമാകും.
‘അതിന് ശേഷം, രവീന്ദ്ര ജഡേജയോ അക്‌സര്‍ പട്ടേലോ, ഇതില്‍ ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. അക്‌സര്‍ അഞ്ച് ടി-20കളും കളിക്കുന്നതിനാല്‍ ജഡ്ഡുവിനെ ഇവിടെ (ഏകദിനത്തില്‍) ഉള്‍പ്പെടുത്താം. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ജഡേജയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അക്‌സറിനെ തന്നെ പരിഗണിക്കും.
വാഷിങ്ടണ്‍ സുന്ദറിനും എന്റെ ടീമില്‍ ഇടമുണ്ടാകും. വാഷിങ്ടണ്‍ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരിക്കുകയും തിലക് കളിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതുകൊണ്ട് ഞാന്‍ രണ്ട് പേരെയും തെരഞ്ഞെടുക്കും,’ മുന്‍ താരം പറഞ്ഞു.
അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരെയാണ് ഫസ്റ്റ് ചോയ്‌സ് പേസര്‍മാരായി ചോപ്ര ഉള്‍പ്പെടുത്തിയത്.
സ്‌ക്വാഡില്‍ റിഷബ് പന്തിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായും യശസ്വി ജെയ്‌സ്വാളിനെ ബാക്കപ്പ് ഓപ്പണറായും താരം ഉള്‍പ്പെടുത്തിയുട്ടുണ്ട്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ് താരത്തിന്റെ സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍.