ശ്രേയസിനെ അഭിനന്ദിക്കണം, അവനെ നേരിട്ട രീതി ശ്രദ്ധേയം: ചോപ്ര
Cricket
ശ്രേയസിനെ അഭിനന്ദിക്കണം, അവനെ നേരിട്ട രീതി ശ്രദ്ധേയം: ചോപ്ര
ഫസീഹ പി.സി.
Friday, 10th July 2026, 9:57 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടി – 20യിലെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ച് ക്രിക്കറ്റ് അനലിസ്റ്റ് ആകാശ് ചോപ്ര. രണ്ടാം വിക്കറ്റ് വീണതിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രേയസ് അയ്യരെ അഭിനന്ദിക്കണമെന്നും പിന്നീട് ടീം ആകെ നേടിയത് 125 റണ്‍സില്‍ 80 ഉം ശ്രേയസിന്റെ വകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രേയസ് പന്തിനൊത്ത റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂവെങ്കിലും ഇംഗ്ലണ്ട് ബൗളര്‍ ആദില്‍ റഷീദിനെ നേരിട്ട രീതി ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘രണ്ടാം വിക്കറ്റ് വീണതിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രേയസ് അയ്യരെ അഭിനന്ദിച്ചേ തീരൂ. ടീം 30 അല്ലെങ്കില്‍ 35 റണ്‍സ് മാത്രം എടുത്തിരുന്നപ്പോഴാണ് അവന്‍ ക്രീസിലെത്തിയത്. പിന്നീട് ടീം ആകെ നേടിയത് 125 റണ്‍സാണ്, അതില്‍ 80 റണ്‍സും ശ്രേയസിന്റെ വകയായിരുന്നു.

തുടക്കത്തില്‍ ശ്രേയസ് പന്തിനൊത്ത റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ എന്നത് സത്യമാണ്. കാരണം ടീമിന്റെ മൊത്തത്തിലുള്ള ബാറ്റിങ് രീതി തന്നെ അങ്ങനെയായി മാറിയിട്ടുണ്ട്. എന്നാല്‍, തുടക്കത്തില്‍ സാവധാനം കളിച്ചാലും പിന്നീട് അത് നികത്താന്‍ സാധിക്കുമെങ്കില്‍ കുഴപ്പമില്ല. ആദില്‍ റഷീദിനെതിരെ അവന്‍ കളിച്ച രീതി ശ്രദ്ധേയമാണ്.

റഷീദ് വഴങ്ങിയ 49 റണ്‍സില്‍ 44 റണ്‍സും ശ്രേയസ് അടിച്ചെടുത്തതാണ്. ക്രീസ് വളരെ മികച്ച രീതിയിലാണ് അവന്‍ ഉപയോഗിച്ചത്. ചിലപ്പോള്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിച്ചു, മറ്റ് ചിലപ്പോള്‍ ക്രീസിന്റെ ആഴം കൃത്യമായി പ്രയോജനപ്പെടുത്തി. അവന്‍ ബാറ്റിങ്ങില്‍ തിളങ്ങിക്കൊണ്ട് ഈ പരീക്ഷണം മികച്ച രീതിയില്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്,’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ ശ്രേയസ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 49 പന്തുകള്‍ നേരിട്ട താരം 80 റൺസെടുത്ത് പുറത്താവാതെ നിന്നു. അഞ്ച് സിക്‌സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്റെ ഈ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Content Highlight: Akash Chopra praise Indian captain Shreyas Iyer’s performance in 4th T20I against England

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.