ഇന്ത്യയുടെ എല്ലാ പ്രശ്‌നവും ബുംറയ്ക്ക് പരിഹരിക്കാനാവില്ല: ആകാശ് ചോപ്ര
Cricket
ഇന്ത്യയുടെ എല്ലാ പ്രശ്‌നവും ബുംറയ്ക്ക് പരിഹരിക്കാനാവില്ല: ആകാശ് ചോപ്ര
ഫസീഹ പി.സി.
Tuesday, 20th January 2026, 5:43 pm

ഇന്ത്യന്‍ ടീം പേസര്‍ ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. കിവീസിനെതിരെ ഇന്ത്യന്‍ ടീം ബൗളിങ്ങില്‍ ബുദ്ധിമുട്ടിയെന്നും ബുംറ തിരിച്ചെത്തുമ്പോള്‍ ആ പ്രശ്‌നം ഏറെ കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബുംറയ്ക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിന് മാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം അഭിപ്രായം പങ്കുവെച്ചത്.

ആകാശ് ചോപ്ര. Photo: Hardikian/x.com

‘ഇന്ത്യയുടെ ഏകദിന ബൗളിങ് ആശങ്കാജനകമാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ പിച്ച് ഫ്‌ലാറ്റാണെങ്കിലും വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാവുമ്പോഴും വിക്കറ്റ് വീഴ്ത്താന്‍ ബുദ്ധിമുട്ടുന്നു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ കളി കൈവിടുന്നു. പല ബൗളിങ് കൂട്ടുകെട്ടുകള്‍ പരീക്ഷിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലാന്‍ഡിനുമെതിരെയും ഈ പോരായ്മ വ്യക്തമായിരുന്നു. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കേണ്ടതുണ്ട്.

ജസ്പ്രീത് ബുംറ മടങ്ങിവരുമ്പോള്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് നമ്മള്‍ കരുതുന്നു. എന്നാല്‍ ബുംറയ്ക്ക് മാത്രം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയില്ല. അവന്‍ സാധാരണയായി മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാറില്ല. ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാരെയാണ്,’ ചോപ്ര പറഞ്ഞു.

ജസ്പ്രീത് ബുംറയും കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും.  Photo: Johns/x.com

വരുണ്‍ ചക്രവര്‍ത്തിയെയോ മറ്റ് ലെഗ് സ്പിന്നര്‍മാരെയോ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കുല്‍ -ച (കുല്‍ദീപ് യാദവ് – യുസ്വേന്ദ്ര ചഹല്‍) സഖ്യമുണ്ടായപ്പോള്‍ ഇന്ത്യ മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വാരികൂട്ടിയിരുന്നു. ആ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യ ബുദ്ധിമുട്ടുകയാണ്.

അടുത്ത ആറ് മാസത്തേക്ക് ഏകദിനങ്ങള്‍ ഇല്ലെങ്കിലും ലോകകപ്പ് അടുത്താണ്. അതിനാല്‍ മധ്യ ഓവറുകളിലെ ഈ ബൗളിങ് പ്രശ്‌നം ഗൗരവമായി കാണാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra says India’s ODI bowling is bit concern and Jasprit Bumrah can’t solve all problems

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി