ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. യശസ്വി ജെയ്‌സ്വാളിനെ മറികടന്ന് മൂന്നാം ഓപ്പണറുടെ റോളില്‍ ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്തണമോ എന്നാണ് ചോപ്ര ചോദിക്കുന്നത്.
ഇപ്രകാരം ഗില്‍ സ്‌ക്വാഡിന്റെ ഭാഗമായാല്‍ താരം പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്നും, താരം സഞ്ജു സാംസണിന് പകരം ഓപ്പണറായി ഇറങ്ങുകയാെങ്കില്‍ വിക്കറ്റ് കീപ്പറായി ആരെത്തും എന്നതില്‍ അനിശ്ചിതത്വമുണ്ടാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര
ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നേക്കും. അത് താരത്തിന് മികച്ചതായിരിക്കില്ല എന്നും ചോപ്ര നിരീക്ഷിച്ചു.
മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ ജിതേഷ് ശര്‍മ ഒരു ഓപ്ഷനായി മുമ്പിലുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
‘ആരെയെങ്കിലും പുറത്തിരുത്തേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. സ്‌ക്വാഡില്‍ മറ്റൊരു ഓപ്പണര്‍ കൂടിയുണ്ടാകുന്നത് തീര്‍ച്ചയായും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യ മൂന്നാം ഓപ്പണറെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പരമ്പരയില്‍ അഭിഷേക് ശര്‍മയോ സഞ്ജു സാംസണോ ഫോം നഷ്ടപ്പെടുകയാണെങ്കില്‍ ആര് ഓപ്പണറാകും എന്നതിനെ കുറിച്ചും ഇന്ത്യ ചിന്തിച്ചില്ല. നിങ്ങള്‍ ഇപ്പോള്‍ (ഏഷ്യാ കപ്പ്) മൂന്നാം ഓപ്പണര്‍ എന്ന ഓപ്ഷന്‍ പരിഗണിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ലോകകപ്പില്‍ മൂന്നാം ഓപ്പണര്‍ ഉണ്ടായിരിക്കണം,’ ചോപ്ര പറഞ്ഞു.




