ഫഹദിന് പഠിക്കുകയാണ്, ഫഹദിന്റെ മാനറിസങ്ങളാണ് എന്നൊക്കെ ചിലര്‍ പറഞ്ഞു; എന്ത് സാമ്യതയാണ് വന്നതെന്ന് അറിയില്ല: സാമര്‍ത്ഥ്യ ശാസ്ത്രത്തിലെ ആകാശ്
Movie Day
ഫഹദിന് പഠിക്കുകയാണ്, ഫഹദിന്റെ മാനറിസങ്ങളാണ് എന്നൊക്കെ ചിലര്‍ പറഞ്ഞു; എന്ത് സാമ്യതയാണ് വന്നതെന്ന് അറിയില്ല: സാമര്‍ത്ഥ്യ ശാസ്ത്രത്തിലെ ആകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 11:19 am

സമാര്‍ത്ഥ്യ ശാസ്ത്രത്തില്‍ ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ താരമാണ് എബി. അഭിനയത്തില്‍ മുന്‍പരിചയമൊന്നും ഇല്ലാതിരുന്നിട്ടും ആകാശ് എന്ന കഥാപാത്രത്ത അതിമനോഹരമായി അവതരിപ്പിക്കാന്‍ എബിക്കായി.

സാമര്‍ത്ഥ്യ ശാസ്ത്രത്തിലേക്കുള്ള തന്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും ആകാശ് എന്ന കഥാപാത്രം ഇത്രയൊക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് താന്‍ കരുതിയില്ലെന്നുമാണ് എബി പറയുന്നത്.

തന്റെ അഭിനയത്തെ അഭിനന്ദിച്ച് കുറേ പേര്‍ മെസ്സേജ് അയച്ചെന്നും ഫഹദ് ഫാസിലിനെ അനുകരിക്കാന്‍ നോക്കുകയാണെന്ന നിലയിലുള്ള ചില വിമര്‍ശനങ്ങളും വന്നിരുന്നെന്നും ആകാശ് പറയുന്നു. ഫിലിം ബോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എബി.

ഫഹദിന്റെ സൗണ്ടും മാനറിസവും എല്ലാം ഉണ്ട് എന്നൊക്കെ പറയുന്ന കമന്റുകള്‍ വന്നിരുന്നു. കുറച്ചൊക്കെ വായിച്ചു. പിന്നെ വായിക്കുന്നത് നിര്‍ത്തി. പിന്നെ എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം അഭിനയ രംഗത്തുള്ള പലരും ഫഹദിനെപ്പോലെയൊക്കെ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കുമല്ലോ.

പക്ഷേ ഒരുകാര്യം എന്താണെന്നാല്‍, പുള്ളി ഫഹദ് ചെയ്യുന്നതുപോലെയാണ് ചെയ്യുന്നത് അതുപോലെ പിടിക്കാന്‍ നോക്കുകയാണ് എന്ന നിലയിലുള്ള ടാഗ് വരരുതെന്ന് ആഗ്രഹമുണ്ട്. അഭിനയിക്കുമ്പോള്‍ ഫഹദിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഫഹദ് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നൊന്നും ആലോചിട്ടില്ല. എന്തോ ഒരു സിമിലാരിറ്റി വന്നു. അത് ആള്‍ക്കാര്‍ക്ക് തോന്നി. അത്രയേയുള്ളൂ, എബി പറഞ്ഞു.

സാമര്‍ത്ഥ്യ ശാസ്ത്രം കഴിഞ്ഞ ശേഷം എന്തെങ്കിലും ഓഫറുകളൊക്കെ വന്നോ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ ഇല്ല എന്നായിരുന്നു എബിയുടെ മറുപടി. ‘പുതിയ ഓഫറുകളൊന്നും വന്നിട്ടില്ല. ഒരു അഡൈ്വര്‍ടൈസ്‌മെന്റിന്റെ ഓഡീഷന് കൊടുത്തിട്ട് അതുപോലും കിട്ടിയിട്ടില്ല (ചിരി)’, എബി പറഞ്ഞു.

ഇപ്പോള്‍ ഒരു ഓഡീഷന് അയക്കാനൊക്കെ ആത്മവിശ്വാസം ഉണ്ട്. കാരണം കരിക്കില്‍ ഇങ്ങനെയാരു ക്യാരക്ടര്‍ ചെയ്തിട്ടുണ്ടെന്ന് നമുക്ക് പറയാം. അവര്‍ കണ്ടിട്ടില്ലെങ്കില്‍ പോലും കരിക്ക് എന്ന് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടാകുമെന്ന് അവര്‍ക്ക് തോന്നും. ഒന്നുമില്ലെങ്കില്‍ അവര്‍ ക്ലിക്ക് ചെയ്‌തെങ്കിലും നോക്കുമായിരിക്കും. ആഡ് ഒക്കെ അയച്ചുകൊടുത്താല്‍ ആരും നോക്കില്ല.

കരിക്കിന്റെ സെറ്റില്‍ എല്ലാവരും ഭയങ്കര സിങ്കായിരുന്നു. ഒരു ഹോം സ്‌റ്റേ പോലുള്ള സ്ഥലത്താണ് നമ്മള്‍ താമസിച്ചത്. എല്ലാവരും ഒരുമിച്ചാണ്. റിസോര്‍ട്ടില്‍ ഷൂട്ട് നടക്കുമ്പോഴൊക്കെ ഭയങ്കര രസമായി ചെയ്യാന്‍ സാധിച്ചു. എല്ലാവരുമായി നല്ല ബന്ധമാണ്, എബി പറഞ്ഞു.