അഫ്ഗാനും എക്കാലത്തെ അമേരിക്കയും | എ.കെ. രമേശ്
Taliban
അഫ്ഗാനും എക്കാലത്തെ അമേരിക്കയും | എ.കെ. രമേശ്
എ കെ രമേശ്‌
Saturday, 18th September 2021, 7:13 pm
വിഷസര്‍പ്പത്തെ പോറ്റി വളര്‍ത്തിയ അമേരിക്കന്‍ കൈകള്‍ക്ക് കൊത്തുകയല്ല, അതിന്റെ ചങ്ക് മാന്തിപ്പൊളിക്കുകയായിരുന്നു മതതീവ്രവാദികള്‍. 2001 ലെ ടവര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങള്‍ പാലൂട്ടി വളര്‍ത്തിയവരാണ് എന്ന് അമേരിക്കക്ക് സമ്മതിക്കേണ്ടി വന്നു. അതിന്റെ പക തീര്‍ക്കാന്‍ ഒരു രാജ്യത്തെത്തന്നെ തവിട് പൊടിയാക്കുകയായിരുന്നു അമേരിക്ക.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അശാന്തമായ അലച്ചിലിന്റെ ദൃശ്യങ്ങള്‍ കണ്ട് ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യ സ്‌നേഹികളെയാകെ അതിലും വലിയ നടുക്കത്തിലേക്ക് വലിച്ചെറിയുന്ന പൊള്ളിക്കുന്ന ദുരന്ത ചിത്രങ്ങളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്നത്. കൂട്ടപ്പലായനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഉള്ള് പൊള്ളിക്കുകയാണ്. വിമാനത്തിന്റെ ടയറുകളില്‍ പറ്റിപ്പിടിക്കുന്നവര്‍ക്കറിയാത്തതല്ല, കാത്തിരിക്കുന്നത് മരണമാണെന്ന്. മദ്ധ്യകാലത്തെ മതാന്ധതയാല്‍ നയിക്കപ്പെടുന്ന പ്രാചീന മനസ്‌കരായ പൗരോഹിത്യത്തിന്റെ വക്താക്കള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം കലാകാരന്മാര്‍ക്കും നേരെ നടത്തുന്ന നിഷ്ഠൂര ഭേദ്യങ്ങള്‍ മനം മടുപ്പിക്കുന്നതാണ്. അത്തരമൊരു മഹാനരകത്തില്‍ അടിമകളായി ജീവിക്കുന്നതിലും നല്ലത് ആത്മഹത്യയാണ് എന്ന് കരുതിയാവണം ഈ കടുംകൈക്ക് അവര്‍ മുതിര്‍ന്നത്.

അപ്പോഴും നാറ്റോയുടെ (North Atlantic Treaty Organisation സോവിയറ്റ് യൂനിയനില്‍ നിന്ന് രക്ഷ കിട്ടാന്‍ എന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഉടമ്പടി സഖ്യമാണത്) വെബ്‌സൈറ്റില്‍ ഇങ്ങനെയൊരുറപ്പ് ചത്തവരെ തുറിച്ചു നോക്കി ചത്തുമലച്ച് കിടപ്പുണ്ട്. അതിതാണ്:
Nato allies are committed to continue to stand with Afghanistan, its people and up holding the hard won gains of the last 20 years’.

കഴിഞ്ഞ 20 വര്‍ഷത്തെ നേട്ടങ്ങളത്രയും നില നിര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന്! എന്നു വെച്ചാല്‍ 2001 മുതല്‍ 2021 വരെയുള്ള കാലത്തെ നേട്ടങ്ങള്‍! ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കും എന്ന്! മാത്രവുമല്ല, ‘Nato allies will Continue to support the ongoing Afghan owned and Afghan led peace process towards a lasting, inclusive political settlement that puts an end to violence, safeguards the human rights of Afghans – particularly Women, Children and minorities, upholdS the rule of the law and ensure that Afghanistan never again serves as a safe haven for terrorists!

ഭീകരര്‍ക്ക് ഒരു സുരക്ഷാകേന്ദ്രമാവാത്ത അഫ്ഗാന്‍, നിയമവാഴ്ച ഉറപ്പ് വരുത്തുന്ന അഫ്ഗാന്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന അഫ്ഗാന്‍, വിശേഷിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അത് ഉറപ്പാക്കുന്ന അഫ്ഗാനിസ്ഥാന്‍, അതിനോ, എല്ലാവരെയും ഉള്‍ക്കൊള്ളാനാവുന്ന ഒരു രാഷ്ട്രീയ പരിഹാരം – അതായിരുന്നു നാറ്റോവിന്റെ വാഗ്ദാനം. അതിപ്പോഴും അവരുടെ സൈറ്റില്‍ മൃതാക്ഷരങ്ങളായി തെളിഞ്ഞു നില്‍ക്കുന്നുമുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തെ കഠിനാദ്ധ്വാധ്വാനം വഴി നേടിയ നേട്ടങ്ങള്‍ അതേപടി ഉയര്‍ത്തിപ്പിടിക്കും എന്നാണ് പറയുന്നത്. 2001 മുതല്‍ 2021 വരെയുള്ള രണ്ടു ദശകത്തിന്റെ നേട്ടത്തിന്റെ പേരിലാണ് സാമ്രാജ്യത്വ വാദികള്‍ ഊറ്റം കൊള്ളുന്നത്.

താലിബാന്‍

അത് 2001 ലെ ടവര്‍ ആക്രമണത്തിനു ശേഷം അമേരിക്കയും സഖ്യകക്ഷികളായ നാറ്റോ അംഗങ്ങളും നടത്തിയ അധിനിവേശത്തിന് രക്ഷാപ്രവര്‍ത്തനത്തിന്റെ കള്ളപ്പൊയ്മുഖം ചാര്‍ത്തുന്ന നീചപ്രചാരണത്തിന്റെ ഭാഗമാണ്. താലിബാനെ തങ്ങളിതാ തവിട് പൊടിയാക്കുന്നു എന്നും പറഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ ചരിത്രമുറങ്ങുന്ന ഭൂപ്രദേശങ്ങളാകെ അമേരിക്ക ഉഴുതുമറിച്ചത്. സെപ്റ്റംബര്‍ 11 ന്റെ ടവറാക്രമണത്തിന് നേതൃത്വം നല്‍കിയത് ഒസാമാ ബിന്‍ ലാദനും കൂട്ടരുമാണെന്നും അഫ്ഗാനിസ്ഥാന്‍ അവര്‍ക്ക് താവളമൊരുക്കിയിരിക്കുന്നു എന്നും പറഞ്ഞായിരുന്നു ആ കാടന്‍ നടപടി.

ഭീകരവാദികള്‍ക്കെതിരെയുള്ള യുദ്ധം ഒരു നവലോകക്രമത്തിനു വേണ്ടിയുള്ളതാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രഖ്യാപിച്ചത്.
‘നിങ്ങളുടെ മണ്ണില്‍ ഒളിച്ചിരിക്കുന്ന അല്‍ഖ്വയ്ദയുടെ മുഴുവന്‍ നേതാക്കളെയും ഉടനെ തന്നെ അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറണം’ എന്നായിരുന്നു കല്‍പ്പന.

‘നിങ്ങള്‍ ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം’ എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയത്. തിന്മയുടെ അച്ചുതണ്ട് തകര്‍ക്കാന്‍ അവതരിച്ച പുതിയ മിശിഹയാണ് തങ്ങള്‍ എന്നായിരുന്നു പ്രഖ്യാപനം. ഒരു രാജ്യത്തിനോ ഏതാനും രാജ്യങ്ങള്‍ക്കോ നേരെയല്ല യുദ്ധപ്രഖ്യാപനം നടത്തിയത്. 60 ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുകയാണ് ശത്രുക്കള്‍ എന്നായിരുന്നു പ്രഖ്യാപനം.

ടവര്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് യു.എന്‍. കോണ്‍ഫറന്‍സില്‍ അബ്രഹാം ലിങ്കന്റെ പിന്‍ഗാമികള്‍ ‘അടിമത്തം’ എന്നത് ‘മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമാണ്’ എന്ന നിര്‍വചനത്തെ എതിര്‍ക്കുന്നത്. അവരാണ് നജീബുള്ളയുടെ ഭരണത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് പുരപ്പുറത്ത് കയറി കൂവുന്നത്! 1986 ല്‍ അന്താരാഷ്ട്ര കോടതി അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായി ഒരു വിധി പ്രഖ്യാപിച്ചതോടെ ലോക കോടതിയോട് പിണങ്ങിപ്പിരിഞ്ഞവരാണ് അമേരിക്കന്‍ ഭരണാധികാരികള്‍. നിക്വരാഗ്വയെ ആക്രമിച്ചതും ആ രാജ്യത്തെ തകര്‍ക്കാനായി കോണ്‍ട്രകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും അധിക്ഷേപാര്‍ഹമാണെന്ന വിധി വന്നതോടെയാണ്, അമേരിക്ക അതില്‍ നിന്ന് കെട്ടുകെട്ടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഇങ്ങനെയൊരാക്രമണം നടത്താന്‍ ഒരു രാജ്യത്തിനും അവകാശമില്ല.

സ്വല്‍പം ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കാല്‍ക്കീഴിലാക്കാന്‍ ശ്രമിച്ച രണ്ടു തവണയും അതിനെ അതിജീവിച്ചവരാണ് അഫ്ഗാന്‍ ജനത. മൂന്നാം തവണയും അഫ്ഗാനിസ്ഥാനെ ആക്രമിച്ചു കീഴടക്കാന്‍ കഴിയാതെ വന്നപ്പോഴാണ്, 1919ല്‍ അഫ്ഗാന്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുന്നത്. ഹബീബുള്ള രാജാവിന്റെ മകനായ അമാനുള്ള ഖാന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരെ തുരത്തിയോടിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഔപചാരികമായി സ്വതന്ത്രമായിത്തീരുന്നത്. ജന്മിമാരുടെയും നാടുവാഴികളുടെയും മുഷ്‌ക്കിനും അക്രമത്തിനും അമാനുള്ള ഖാന്‍ അറുതി വരുത്തി. അതേയവസരം ജനകീയമായ ഒട്ടനവധി നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. (1919-1926)

പക്ഷേ അത്തരം നീക്കങ്ങള്‍ക്കും സാമൂഹ്യ പരിഷ്‌കാരങ്ങള്‍ക്കും എതിരെ കടുത്ത എതിര്‍പ്പുമായി യാഥാസ്ഥിതിക ശക്തികള്‍ ഒത്തുചേര്‍ന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയതും ശിശുവിവാഹ സമ്പ്രദായം നിരോധിച്ചതും ബഹുഭാര്യത്വം അവസാനിപ്പിച്ചതും വിധവകള്‍ക്ക് പുനര്‍വിവാഹം അനുവദിച്ചതുമൊന്നും വെച്ചുപൊറുപ്പിക്കാന്‍ മത യാഥാസ്ഥിതികത്വത്തിന് കഴിയില്ലല്ലോ. അത്തരക്കാരെ കൂടെക്കൂട്ടി അമാനുള്ള ഖാന്റെ ഭരണത്തെ അട്ടിമറിക്കാനായി ബ്രിട്ടീഷ് ശ്രമം. രാജാവും രാജ്ഞിയും അക്കാലത്ത് നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടക്ക് അന്യപുരുഷന്മാര്‍ക്കൊപ്പം മുഖാവരണമൊന്നുമില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് ദീനിന് നിരക്കാത്ത കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ടു.

അമാനുള്ള ഖാന്‍

സല്‍ക്കാരത്തിനിടെ ഉപചാരക്രമമെന്ന നിലയില്‍ ഫ്രഞ്ച് പ്രസിഡന്റ് രാജ്ഞിയുടെ കൈത്തലത്തെ ചുംബിച്ചത് മധ്യകാല മൂല്യബോധവുമായി കഴിഞ്ഞ പൗരോഹിത്യത്തെ ചൊടിപ്പിച്ചു. അതിനെതുടര്‍ന്ന് 1926ല്‍ യുദ്ധപ്രഭുക്കളും ഗോത്രത്തലവന്മാരും യാഥാസ്ഥിതിക പൗരോഹിത്യ ശക്തികളും ചേര്‍ന്ന് അമാനുള്ള ഭരണത്തെ ബ്രിട്ടീഷ് പിന്തുണയോടെ അട്ടിമറിക്കുകയായിരുന്നു. അവിശ്വാസിയായി മുദ്രകുത്തിയ രാജാവിന്റെ കാലത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം അട്ടിമറിക്കാന്‍ എളുപ്പമായി. പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി; മുഖാവരണം നിര്‍ബന്ധമാക്കി. എന്നാല്‍ അത് അധികകാലം നീണ്ടില്ല.

1965ല്‍ രൂപംകൊണ്ട പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് അഫ്ഗാനിസ്താന്‍ നൂര്‍ മുഹമ്മദ് തരാക്കിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പുരോഗമന നടപടികള്‍ വീണ്ടെടുക്കുകയായിരുന്നു. 1978ലെ ഏപ്രില്‍ വിപ്ലവത്തെതുടര്‍ന്ന് രാജ്യം സോഷ്യലിസ്റ്റ് ഉന്മുഖമായി മാറി. പക്ഷേ പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വമായി മാറി ശത്രുപക്ഷത്ത് എന്നു മാത്രം.

ഏപ്രില്‍ വിപ്ലവം വരുത്തിയ മാറ്റങ്ങള്‍

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 1977 ല്‍ അഫ്ഗാനിസ്ഥാനിലെ പ്രതിശീര്‍ഷവരുമാനം 162 ഡോളര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ 129 വികസ്വരരാജ്യങ്ങളില്‍ അഫ്ഗാന്റെ സ്ഥാനം 108 ആയിരുന്നു. അത്രക്ക് അവികസിതവും ദരിദ്രവും ആയ ഒരു ജനതയാണ് ഫ്യൂഡല്‍ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ മധ്യകാലാന്ധതയില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പുതുയുഗം സൃഷ്ടിച്ചത്. 1978 ഏപ്രിലില്‍ ആയിരുന്നു അത്. അഫ്ഗാനിസ്ഥാനിലെ അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ താല്പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള അടിസ്ഥാനപരമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആണ് 1978ല്‍ അധികാരമേറ്റ ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

മൂന്ന് ലക്ഷം ഭൂരഹിത കുടുംബങ്ങള്‍ക്കാണ് ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയത്. കൃഷിഭൂമിക്കൊപ്പം കര്‍ഷകര്‍ക്കു വേണ്ട വെള്ളവും വളവും കാര്‍ഷികോപകരണങ്ങളും വായ്പയും ലഭ്യമാക്കാനും സര്‍ക്കാര്‍ നേതൃത്വം നല്‍കി. മതപൗരോഹിത്യം അടക്കി വാണിരുന്ന കാലത്തില്‍ നിന്നും വ്യത്യസ്തമായി അഫ്ഗാന്‍ തൊഴിലാളികള്‍ അതോടെ സ്വതന്ത്രരായി. സംഘടിക്കാനും സമരം ചെയ്യാനുമുനുള്ള അവകാശം കിട്ടിയതോടെ, തൊഴിലാളികളില്‍ പുതിയ ആത്മവിശ്വാസം ഉയര്‍ന്നു. അത് മുമ്പൊരിക്കലുമില്ലാത്ത വിധം ഉല്‍പാദന മേഖലയെ മുന്നോട്ടു നയിച്ചു.

പത്തിലൊന്നു പേര്‍ക്ക് മാത്രം അക്ഷരാഭ്യാസം ഉണ്ടായിരുന്ന ഒരു നാട് അക്ഷരത്തിന്റെയും അറിവിന്റെയും പുതുവെളിച്ചം കൊണ്ട് സമ്പന്നമായി. മുപ്പതിനായിരം വയോജന ക്ലാസുകളിലായി ലക്ഷക്കണക്കിന് അഫ്ഗാനികളാണ് സാക്ഷരരായത്. 78 ലെ ഏപ്രില്‍ വിപ്ലവത്തിനുശേഷം മനുഷ്യാവകാശവും ജനതയുടെ സ്വാതന്ത്ര്യവും ഉറപ്പായതോടെ, ആരോഗ്യ പരിപാലന മാനദണ്ഡപ്രകാരം 119-ാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ആരോഗ്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് കാഴ്ചവെച്ചത്.

നൂര്‍ മുഹമ്മദ് തരാക്കി

ഇത് സാമ്രാജ്യത്വ വാദികളുടേയും പിന്തിരിപ്പന്മാരുടെ യും ഉറക്കം കെടുത്താതാന്‍ തുടങ്ങി.അപ്രഖ്യാപിത യുദ്ധമാണ് സാമ്രാജ്യത്വശക്തികള്‍ അഫ്ഗാനിസ്ഥാനെതിരെ അഴിച്ചുവിട്ടത്. അമേരിക്കയുടെ ‘മനുഷ്യാവകാശ’ വിദഗ്ധരാണ് ഇതിന് നേതൃത്വം നല്‍കിയത് . ജന്മിത്വത്തില്‍ നിന്നും നാട്ടു മാടമ്പികളില്‍ നിന്നും മോചിതരായി, യഥാര്‍ത്ഥ മനുഷ്യാവകാശമെന്തെന്ന് അനുഭവിച്ചറിഞ്ഞ അഫ്ഗാനിസ്ഥാന്‍ ജനതയെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലെ പാതാള ക്കുഴികളിലേക്ക് തള്ളി മാറ്റാനായിരുന്നു ശ്രമം.

78 ഏപ്രില്‍ വിപ്ലവത്തിനുശേഷം പ്രതിവിപ്ലവം ഇറക്കുമതിചെയ്യാനായി പിന്നീട് അമേരിക്കയുടെ നീക്കം. 1979 ജനുവരിയില്‍ തന്നെ അഫ്ഗാനിലേക്ക് സി.ഐ.എ ഇറക്കിയ ടാസ്‌ക് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി. അഫ്ഗാനിലെ മുരട്ട് യാഥാസ്ഥിതികരായ നാട്ടു മൂപ്പന്മാരുമായി അവര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. അങ്ങനെയാണ് അവര്‍ ഒരു പോരാട്ട സമിതിക്ക് രൂപം നല്‍കിയത്. സായുധവിപ്ലവം നടത്തി സര്‍ക്കാറിനെ അട്ടിമറിക്കാനായിരുന്നു ശ്രമം.

മെയ് മാസമാകുമ്പോള്‍ പ്രതിവിപ്ലവകാരികളുടെ ഒരു സംഘം അമേരിക്കയിലേക്കെത്തുന്നുണ്ട്. ന്യൂയോര്‍ക്കില്‍ ലീഗ് ഫോര്‍ അസിസ്റ്റന്‍സ് ടു അഫ്ഗാന്‍ റെഫ്യൂജീസ് എന്ന പേരില്‍ ഒരു സംവിധാനത്തിനു രൂപം കൊടുക്കുന്നുണ്ട്. 1979 അവസാനമാവുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ 26 പ്രവിശ്യകളില്‍ 18 എണ്ണത്തിലും പ്രതിവിപ്ലവ സ്‌ക്വാഡുകള്‍ രൂപം കൊള്ളുന്നുണ്ട്. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ട് അഫ്ഗാന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തിനു നേരെ കടന്നാക്രമണം നടത്തുകയായിരുന്നു അമേരിക്ക.

സ്വാഭാവികമായും സോവിയറ്റ് യൂനിയനെ സഹായാഭ്യര്‍ത്ഥനയുമായി സമീപിച്ചു അഫ്ഗാനിസ്ഥാന്‍. തക്ക സമയത്ത് സോവിയറ്റ് പട്ടാളം എത്തിയില്ലായിരുന്നുവെങ്കില്‍ അഫ്ഗാന്‍ മറ്റൊരു ചിലി ആകുമായിരുന്നു എന്നാണ് അന്ന് ഇടതുപക്ഷക്കാരായ ബുദ്ധിജീവികള്‍ പറഞ്ഞത്. പക്ഷേ റഷ്യന്‍ കരടി പുറത്തു പോവൂ എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ പിന്തുണയുള്ള അതിതീവ്ര വലതുപക്ഷം അരങ്ങു തകര്‍ത്തു. അങ്ങനെയാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിടാന്‍ തീരുമാനിക്കുന്നത്. റഷ്യ കടന്നാക്രമണം നടത്തി എന്നാണ് മാധ്യമങ്ങളാകെ പ്രചാരണം നടത്തിയത്. എന്നാല്‍ കാര്‍ട്ടറുടെ ഉപദേഷ്ടാവ് ബ്രസ്ന്‍സ്‌കി അന്ന് പറഞ്ഞത് ഇങ്ങനെയാണ്:

‘റഷ്യന്‍ സൈനിക നീക്കം നടത്തുന്നതിനും ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ അഫ്ഗാനിസ്ഥാനിലെ മത തീവ്രവാദി സംഘടനയായ മുജാഹിദീന് സഹായം എത്തിച്ചു കൊണ്ടിരുന്നു. ഞാനിത് കാര്‍ട്ടറോടും പറഞ്ഞിരുന്നു. അദ്ദേഹം അതിന്മേല്‍ നടപടിയും എടുത്തു. ഈ രഹസ്യ സഹായമാണ് യഥാര്‍ത്ഥത്തില്‍ യു.എസ്.എസ്സാറിന്റെ സൈനികനടപടിക്ക് പ്രേരണയായത്.

ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ താങ്കള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി ഇങ്ങനെയാണ്: എന്തിനെക്കുറിച്ചുള്ള പശ്ചാത്താപം? ആ രഹസ്യനീക്കം ഒന്നാന്തരം ആശയമായിരുന്നു. അത് റഷ്യക്കാരെ അഫ്ഗാന്‍ കെണിയില്‍ വീഴ്ത്താന്‍ സഹായകമായി. സോവിയറ്റ് സൈനികര്‍ അഫ്ഗാന്‍ അതിര്‍ത്തി കടന്ന അന്ന് ഞാന്‍ പ്രസിഡന്റ് കാര്‍ട്ടര്‍ക്ക് എഴുതി: ‘ഇപ്പോള്‍ സോവിയറ്റ് യൂനിയന് നാം ഒരു വിയറ്റ്‌നാം നല്‍കേണ്ട സമയമായിരിക്കുന്നു.’ തുടര്‍ന്ന് പത്ത് വര്‍ഷത്തോളം മോസ്‌കോയ്ക്ക് ഭരണകൂടത്തിന്റെ പോലും പിന്തുണയില്ലാതെ യുദ്ധം തുടരേണ്ടി വന്നു. ഈ വൈരുദ്ധ്യം രാജ്യത്തിന്റെ ആത്മവീര്യം ചോരുന്നതിനും അവസാനം അത് സോവിയറ്റ് സാമ്രാജ്യം ഛിന്നഭിന്നമാകുന്നതിനും കാരണമായി.’

ലിമോവല്‍ ഒബ്‌സര്‍വേറ്റര്‍ എന്ന ഫ്രഞ്ച് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. 1980 ഒറ്റ വര്‍ഷത്തില്‍ അഭയാര്‍ത്ഥി സഹായം എന്ന പേരില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനായി അമേരിക്ക ചെലവഴിച്ചത് 10 കോടി ഡോളറാണ്. ഏപ്രില്‍ വിപ്ലവത്തിന് ശേഷം പ്രതി വിപ്ലവകാരികളെ പരിശീലിപ്പിക്കാന്‍ ആയി പാകിസ്ഥാനില്‍ നൂറിലേറെ കേന്ദ്രങ്ങളാണ് തുറന്നത്. അതിനായി അമേരിക്ക ചെലവഴിച്ചത് 218 ദശലക്ഷം ഡോളറാണ്.

പാകിസ്ഥാനിലെ സിയാവുള്‍ ഹഖിന് ആയുധങ്ങളും കാശുമെത്തിച്ചുകൊണ്ട് അതത്രയും പ്രതി വിപ്ലവകാരികളിലേക്ക് പമ്പ് ചെയ്യുകയായിരുന്നു അമേരിക്ക. ഈ പിന്തിരിപ്പന്‍ വിപ്ലവകാരികള്‍ സ്‌കൂളുകളും ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും തകര്‍ക്കുന്നതിന് പദ്ധതി തയ്യാറാക്കി. 1814 സ്‌കൂളുകള്‍ 31 ആശുപത്രികള്‍ 111 ആരോഗ്യകേന്ദ്രങ്ങള്‍ 800 ലോറികള്‍ 906 സഹകരണ സ്ഥാപനങ്ങള്‍ അനേകം വ്യാവസായിക പ്രോജക്റ്റുകള്‍ 41,000 കിലോമീറ്റര്‍ ടെലിഫോണ്‍ ലൈനുകള്‍ ഇത്രയും തകര്‍ക്കപ്പെട്ടു. ഇതുവഴി വരുത്തിയ നഷ്ടം ഏതാണ്ട് 35000 ദശലക്ഷം അഫ്ഗാനി ആണ്.

1985ല്‍ റീഗന്‍ ഈ അട്ടിമറിക്കാരെ വൈറ്റ് ഹൗസിലേക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡണ്ട് ആ കൊടുംഭീകരരായ മതമൗലികതാ വാദികളെ അമേരിക്കന്‍ സ്ഥാപക പിതാക്കളോടാണ് ഉപമിച്ചത്. ‘These are the moral equivalent of America’s founding fathers എന്ന്! അക്കൂട്ടത്തില്‍പ്പെട്ട ബിന്‍ ലാദനെ ചുട്ടു കൊല്ലാനായാണ് ഒരു വന്‍ സാമ്രാജ്യത്വ ശക്തി 15 അമേരിക്കന്‍ മിസ്സൈലുകള്‍ ഉതിര്‍ത്തത്!

അക്കാലത്ത് ബിന്‍ ലാദന്‍ നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘To counter the athiest Russians, the Saudi chose me as their representative in Afghan. I settled in Pakistan in the Afghan border region. There I received Volunteers who came from Saudi kingdom and from all over the Arab and Muslim countries. I setup my first Camp where these volunteers were trained by Pakistani & American officers. The weapons were supplied by the Americans, the money by Saudis. I discovered that it was not enough to fight in Afghan, but that we had to fight on all fronts, Communist or Western oppression .’

അങ്ങനെ കമ്യൂണിസ്റ്റ് ദുര്‍ഭൂതത്തോട് യുദ്ധം പ്രഖ്യാപിച്ച കൊടും ഭീകരനായ ബിന്‍ ലാദനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. ഐജാസ് അഹമ്മദ് നിരീക്ഷിക്കുന്നതുപോലെ, മതനിരപേക്ഷ ഇടതുപക്ഷത്തിനൊരു എതിര്‍ശക്തി എന്ന നിലയില്‍ അമേരിക്ക രൂപം കൊടുക്കുന്നത് വരെയും അഫ്ഗാനിസ്ഥാനില്‍ ഒരു തരത്തിലുള്ള ഇസ്‌ലാമികഭീകരതയും ഉണ്ടായിരുന്നില്ല.’

സോവിയറ്റ് പട്ടാളം അഫ്ഗാന്‍ വിട്ടതോടെ മതമൗലികതാവാദികള്‍ ഇളകിയാടി. അവര്‍ക്ക് വേണ്ട ആയുധവും കാശും എവിടെ നിന്നെല്ലാം വന്നു ചേര്‍ന്നു എന്ന് ബിന്‍ ലാദന്‍ തന്നെ പറയുന്നുണ്ടല്ലോ. അഫ്ഗാന്‍ പ്രസിഡണ്ട് നജീബുള്ള അഹ്മദ് സായിയെ കൊന്ന് കമ്പിക്കാലില്‍ കെട്ടിത്തൂക്കി വിജയാഘോഷം നടത്തിയ മത തീവ്രവാദികളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു അമേരിക്ക. അങ്ങനെയാണ് അഫ്ഗാനിസ്ഥാന്‍ മുജാഹിദീന്‍ കക്ഷികളുടെ കൈപ്പിടിയില്‍ അമരുന്നതും അഫ്ഗാന്‍ റിപ്പബ്ലിക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാനായി മാറുന്നതും അതിനുള്ള എല്ലാ മന്ത്ര തന്ത്രങ്ങളുമായി അമേരിക്ക കൂട്ടുനിന്നതും.

വിഷസര്‍പ്പത്തെ പോറ്റി വളര്‍ത്തിയ അമേരിക്കന്‍ കൈകള്‍ക്ക് കൊത്തുകയല്ല, അതിന്റെ ചങ്ക് മാന്തിപ്പൊളിക്കുകയായിരുന്നു മതതീവ്രവാദികള്‍. 2001 ലെ ടവര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങള്‍ പാലൂട്ടി വളര്‍ത്തിയവരാണ് എന്ന് അമേരിക്കക്ക് സമ്മതിക്കേണ്ടി വന്നു.
അതിന്റെ പക തീര്‍ക്കാന്‍ ഒരു രാജ്യത്തെത്തന്നെ തവിട് പൊടിയാക്കുകയായിരുന്നു അമേരിക്ക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: AK Ramesh writes about America’s Role in Afghan