എങ്ങും ജയിക്കുന്നവരുടെ കാലത്ത് തോറ്റുപോയൊരു മനുഷ്യന്‍
Discourse
എങ്ങും ജയിക്കുന്നവരുടെ കാലത്ത് തോറ്റുപോയൊരു മനുഷ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2017, 5:57 pm

 

 

തൊട്ടതൊക്കെ പൊന്നാക്കാനാകുമെന്ന് ചിലരുണ്ട്. അക്കൂട്ടത്തിലായിരുന്നില്ല ബാബു ഭരദ്വാജ്. പരാജയപ്പെട്ടൊരു മനുഷ്യന്‍ എന്നുവേണമെങ്കില്‍ കണക്കെഴുതാം. തുറമുഖ വകുപ്പില്‍ എഞ്ചിനീയറായിരിക്കെയാണ് ഗള്‍ഫിലേക്കുള്ള കുടിയേറ്റം. സാധാരണ ആരും ലീവ് എടുത്താണ് പോവുക. ബാബു രാജിവെച്ചാണ് പോയത്. ആ ജോലി വേറെ ആര്‍ക്കെങ്കിലും കിട്ടുമല്ലോ എന്നായിരുന്നു ന്യായം. ആരെങ്കിലും നന്നാവട്ടെ എന്നു കരുതി ബാബു ഗള്‍ഫിലെത്തിച്ചവര്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ആരോ ഒറ്റുകൊടുത്തതുകൊണ്ടാണ് ബാബുവിന് ഗള്‍ഫില്‍ നിന്നു കെട്ടുംകെട്ടി പോരേണ്ടി വന്നത്.

അതിനിടക്ക്, ഗള്‍ഫിലെ രാജകീയവാഴ്ചയുടെ കാലത്ത് മിച്ചംവെച്ച കാശുകൊണ്ടാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന പടം പിടിക്കുന്നത്. കേരളത്തില്‍വെച്ചു ഷൂട്ടു ചെയ്തതുകൊണ്ട് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് മോശമല്ലാത്തൊരു സംഖ്യ സബ്‌സിഡി കിട്ടും. കിട്ടിയതത്രയും പാര്‍ട്ടി ഫണ്ടിലേക്കു സംഭാവന ചെയ്താണ് ബാബു ഗള്‍ഫിലേക്കു തിരിച്ചത്.

തൊഴില്‍ രഹിതനായി തിരിച്ചെത്തിയപ്പോഴും, ഉള്ള തൊഴില്‍ രാജിവെച്ചു പോയതിന്റെ കുറ്റബോധം ബാബു ഭരദ്വാജിന് ഒട്ടുമുണ്ടായില്ല. പിന്നെ ബാബുവിനെ കാണുന്നത് ഒരു പുതിയ സംരംഭവുമായിട്ടാണ്. ചെറുകിട പാര്‍പ്പിട വിപ്ലവം. ചുരുങ്ങിയ ചിലവില്‍ വീടുവെച്ചു കൊടുക്കാനുള്ള ഒരു വയനാടന്‍ സംരംഭം. സംരംഭകന്‍ എന്ന നിലക്ക് ബാബു ഒരു തികഞ്ഞ പരാജയമാണെ് തെളിയിച്ചുകൊണ്ട് ഏറെ കഴിയും മുമ്പെ അതിനും താഴിട്ട് മലയിറങ്ങേണ്ടി വന്നു ബാബുവിന്. സഹതാപം തോന്നി കൂടെ കൂട്ടിയ ആളുകള്‍ പറ്റിച്ചതുകൊണ്ടായിരുന്നുവത്രെ ആ ചെറുകിട പാര്‍പ്പിട വിപ്ലവം പരാജയപ്പെട്ടത്.

പിന്നെ നാം ബാബുവിനെ കാണുന്നത് കാലിക്കറ്റ് പ്രിന്റിങ് കോംപ്ലക്‌സ് എന്ന ആധുനിക അച്ചടി ശാലയുടെ ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ്. കോഴിക്കോട് കക്കോടിക്കടുത്ത് മക്കടയില്‍ ഒരു കൂറ്റന്‍ പ്രിന്റിംഗ് കോംപ്ലക്‌സിന് ഏറ്റവും ആധുനികമായ ഓഫ്‌സെറ്റ് പ്രസ്സ്. നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാനാകുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് പി.സി. രാഘവന്‍ നായര്‍ എക്‌സ്. എം.എല്‍.എ ് ഏറെ പ്രതീക്ഷകളായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് ശങ്കരനാരായണനും പ്രദേശത്തെ വലിയ കരാറുകാരുമൊക്കെ സഹകരിച്ചാണ് സ്ഥാപനം ആരംഭിച്ചത്.

പ്രസ്സിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. സമീപ പ്രദേശത്തുള്ള ഒട്ടനവധി സ്ത്രീകള്‍ക്ക് ജോലി. കക്കോടിയുടെ മുഖച്ഛായ മാറ്റുന്ന പ്രിന്റിംഗ് കോംപ്ലക്‌സ്. പി.സി. രാഘവന്‍ നായരുടെ സ്വപ്‌നനങ്ങള്‍ക്കിണങ്ങും വിധം ബാബു ഭരദ്വാജ് പ്രസ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

തുടക്കത്തിലായതുകൊണ്ട് കൂലി കുറവാണ്. സ്വല്പം കൂടി കൂട്ടിതരണമെന്ന് തൊഴിലാളികള്‍. ആവശ്യം ന്യായം തന്നെ. പക്ഷേ പിടിച്ചു നില്‍ക്കണ്ടേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കാര്യം അറിയിച്ചപ്പോള്‍ തല്‍ക്കാലം ഉത്സവകാല ബോണസ്സ് കൊടുക്കാം എന്നായി ധാരണ. വിവരമറിഞ്ഞ തൊഴിലാളികള്‍ ഉത്സാഹഭരിതരായി. വിഷു അടുത്ത് വരികയാണ്. പക്ഷേ ബോണസ്സ് കാര്യത്തില്‍ അനക്കമില്ല.

ബാബു എം.ഡി.യോട് സംസാരിക്കുന്നു. എങ്ങനെ കൊടുക്കാനാണ് എന്നായി ചോദ്യം. സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റ് അനുവദിക്കുന്നില്ല എന്നായി ന്യായം. തൊഴിലാളികളോട് ബോണസ്സ് നല്‍കും എന്ന് പറഞ്ഞത് താനാണ്. എങ്കില്‍ താനത് കൊടുക്കുക തന്നെ ചെയ്യും എന്നായി ബാബു. വസ്തു വിറ്റ കാശ് ബാങ്കിലുണ്ട്. ഒട്ടും സംശയിക്കേണ്ടി വില്ല, പറഞ്ഞതിന്‍പടി ബോണസ്സ് തൊഴിലാളികള്‍ക്ക് കൊടുക്കാന്‍.

ജീവിക്കാനറിയാത്തവന്‍ എന്ന് അന്ന് പലരും ബാബുവിനെ കുറ്റംപറഞ്ഞിരുന്നു. ജീവിക്കാന്‍ പഠിച്ചവര്‍ക്ക് ഒരിക്കലും പരിക്കേല്‍ക്കുകയില്ലല്ലോ. മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ബാബു ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനാകുന്നത്. വലിയൊരു തുക വേണം. ഉള്ള ബാങ്ക് ബാലന്‍സൊക്കെ തീര്‍ന്നു പോയിരിക്കുന്നു. ഏറെ കഷ്ടപ്പെട്ടാണ് അന്ന് ആ ശസ്ത്രക്രിയ നടത്തിയത്.

അതിനിടക്കെപ്പോഴോ പ്രിന്റിംഗ് കോപ്ലക്‌സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നെ ഒരു ഫ്രീലാന്‍സറായി, എഴുത്തും വായനയുമായി ബാബു. കൈരളിയിലെ ക്രിയേറ്റീവ് ഡയറക്ടറായി ചേര്‍ന്ന ബാബുവിന് തസ്തികകളുടെ തരംതിരിവുകള്‍ ബാധകമായിരുന്നില്ല. ഇടയ്ക്ക് ലൈറ്റ് ബോയ് ആയും, ഇടയ്ക്ക് ക്യാമറാമാനായും അശ്വമേധത്തിലെ റിസോഴ്‌സ് പേഴ്‌സണായും അങ്ങനെയങ്ങനെ ബാബു…പിന്നെപ്പിന്നെ കാഴ്ചയുടെ ലോകത്തുനിന്ന് നിഷ്‌ക്രമിക്കുന്നു. ഇടക്കെപ്പോഴോ മീഡിയ വണ്ണില്‍ കയറി എന്നറിഞ്ഞു.

ബാബുവിന്റെ പ്രണയ ജീവിതത്തിലുമുണ്ട് ഒരനന്യത. ഒരു പൊതുപ്രവര്‍ത്തകയുടെ മകളായിരുന്നു പ്രഭ. സ്‌നേഹിച്ച പെണ്ണിനെ കെട്ടുന്നതിനെതിരായിരുന്നു കുടുംബാംഗങ്ങളില്‍ മിക്കവരും. ഒടുക്കം അതൊരു ഒളിച്ചോട്ടമായിരുന്നു എന്ന് പറയാം. അന്യജാതിക്കാരിയെ വിവാഹം കഴിക്കുന്നതിന് ഏറ്റവും എതിര്‍ നിന്നത്, ഇഷ്ട പുരുഷനൊപ്പം മതം നോക്കാതെ ജീവിക്കാന്‍ ബാബുതന്നെ മുന്‍കയ്യെടുത്ത് വിവാഹം നടത്തിച്ചുകൊടുത്ത സഹോദരിയായിരുന്നുവത്രെ!

അതിനിടക്കാണ് വീണ്ടും പഴയൊരു വയ്യാവേലി. പ്രിന്റിങ് കോംപ്ലക്‌സിന്റെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങുന്നു. കിട്ടാക്കടത്തിന് ബാങ്ക് കേസിന് പോകുന്നു. പ്രമാണങ്ങള്‍ ഒപ്പിച്ച മറ്റ് ഡയറക്ടര്‍മാരാരും സ്വന്തം നിലക്ക് ജാമ്യം നിന്നിട്ടില്ല. കമ്പനി ഡയറക്ടര്‍ എന്ന കപ്പാസിറ്റിയിലല്ലാതെ ഒപ്പിട്ട ഏക ഡയറക്ടര്‍ ബാബു ഭരദ്വാജാണ്. ഒരു ഭാഗത്ത് ബാങ്ക്, മറുഭാഗത്ത് കെ.എസ്.ഐ.ഡി.സി. നടപടികള്‍ മുറുകുന്നതിനിടയിലാണ് ബാബു ഭരദ്വാജ് അന്നത്തെ പുതിയ അതിവേഗ ഹൈവേയെക്കുറിച്ച് ബാങ്ക് ജീവനക്കാരുടെ സര്‍വീസ് സംഘടനാ മാസികയായ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തില്‍ ലേഖനമെഴുതുന്നത്.

കെ.എസ്.ഐ.ഡി.സി. തലവന് നേരെയുള്ള പരാമര്‍ങ്ങള്‍ അയാളെ വല്ലാതെ ചൊടിപ്പിച്ചുവത്രെ. ബാബു ഭരദ്വാജിന്റെ വീട് ഈടായുണ്ടല്ലോ. അതിന്മേലുള്ള ജപ്തി നടപടിക്കായി നീക്കം. അതീവ സമ്പരായിരുന്ന ഡയറക്ടര്‍മാരിലാര്‍ക്കും പ്രശ്‌നമില്ല. ഒരു വീട് മാത്രം മുതലായുള്ള ബാബുവിന് അറ്റാച്ച്‌മെന്റ് നോട്ടീസ്

ഇങ്ങനെ ചെന്നേടത്തൊക്കെ വീഴ്ചകളായിട്ടും എങ്ങനെയാണ് ബാബു ഭരദ്വാജ് അനായാസം ഇത്ര പ്രസാദാത്മകമായി എഴുതിപ്പോന്നത് എന്നത് ഒരാശ്ചര്യമാണ്. പ്രവാസജീവിതം മാത്രമല്ല, മനുഷ്യന് അന്യമല്ലാത്ത ഒന്നും തനിക്ക് അന്യമല്ല എന്ന് തെളിയിച്ചുകൊണ്ട് നിരന്തരം എഴുതുകയും വായിക്കുകയുമായിരുന്നുവല്ലോ ബാബു.

“ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തില്‍ ബാബു ഒരു പതിവ് കോളം കൈകാര്യം ചെയ്തിരുന്നു. ഇടക്കൊക്കെ പാര്‍ട്ടി വിഭാഗീയതയുടെ മിന്നലാട്ടം ആ എഴുത്തില്‍ നിറഞ്ഞു നിന്നിരുന്നു. പത്രാധിപ സമിതിയില്‍ വിഷയം ചര്‍ച്ചക്ക് വന്നു. കോളമിസ്റ്റിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന നിലക്ക് കണ്ടാല്‍ മതി എന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു.

അതിനിടക്കാണ് പി.കൃഷ്ണപ്പിള്ളയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ബാബു ഭരദ്വാജ് മാതൃഭൂമിയില്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ലേഖനം എഴുതുന്നത്. അതിന് മറുപടി കൊടുത്തത് ഇത്തിരി കൂടിപ്പോയെന്ന കുറ്റബോധമുണ്ടായിരുന്നു. പക്ഷെ പതിവ് ചിരിയോടെ “നീ എന്നെ നിര്‍ദ്ദാക്ഷിണ്യം കൈകാര്യം ചെയ്തുവെന്ന് കേട്ടു. ആ ലക്കം മാസികയെവിടെ? എന്നായിരുന്നു ബാബുവിന്റെ ചോദ്യം.

അതില്‍ പരാമര്‍ശിക്കപ്പെട്ട ഒരു പഴയ അനുഭവകഥ ഇവിടെയും ആവര്‍ത്തിക്കട്ടെ. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി നായകനായിരുന്ന ബാബു ഭരദ്വാജ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ഉടനെയാണ്. കെ.കെ. പണിക്കരുടെ എലത്തൂരിലെ വീട്ടിലെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ. അവിടെ നിത്യ സന്ദര്‍ശകരായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായിരുന്ന ടി.പി.ദാസനും, എലത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.കൃഷ്ണനും. പണിക്കര്‍ മാസ്റ്ററുടെ രോഗശയ്യക്കടുത്ത് വെച്ച് കനത്ത ആശയചര്‍ച്ചകള്‍ നടക്കുന്ന വൈകുന്നേരങ്ങളില്‍ ഒന്നില്‍ അവിടെ എത്തിച്ചേര്‍ന്ന ബാബു ഭരദ്വാജിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ആ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ.

ഇത്തിരി സങ്കോചത്തോടെ ബാബു ആ സദസ്സില്‍ ഒരു കാര്യം പറഞ്ഞു. സുന്ദരയ്യ തന്നോട് ഫുള്‍ ടൈമറാകാന് ആവശ്യപ്പെട്ടിരിക്കുന്നു. സ്വതസ്സിദ്ധമായ കുസൃതിയോടെ കൃഷ്‌ണേട്ടന്റെ ചോദ്യം : “ഈ നീയോ?” ബാബുവിന്റെ കൈയ്യിലെ കത്തി തീരാത്ത വില്‍സ് ഫില്‍ട്ടര്‍ കിങ്ങിന് നേരെ ചൂണ്ടിയായിരുന്നു ആ ചോദ്യം. പിന്നെ എപ്പോഴോ, പ്രസ്ഥാനത്തിന് ബാബുവിനെ നഷ്ടപ്പെടുകയായിരുന്നു.

ജീവന്‍; പോലെ മുമ്പു നാം സ്‌നേഹിച്ചവരകന്നോ മൃതിപ്പെട്ടോ കൂറുമാറിയോ പൊയ്‌പ്പോകുന്നു”

കടപ്പാട്: ഏഷ്യാനെറ്റ് ഓണ്‍ലൈന്‍