എഡിറ്റര്‍
എഡിറ്റര്‍
നിലപാടില്‍ വിയോജിപ്പ്; കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു
എഡിറ്റര്‍
Wednesday 22nd March 2017 6:41pm

തിരുവനന്തപുരം: ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ താനില്ലെന്ന് മന്ത്രി എകെ ബാലന്‍. തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങില്‍ നിന്നും മന്ത്രി പിന്‍മാറിയതോടെ ചടങ്ങ് മാറ്റിവെച്ചു.

നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ ഭക്തി പ്രസ്ഥാനം ഏര്‍പ്പെടുത്തിയിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് ചൊവ്വാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കുമ്മനത്തിനും അവാര്‍ഡ് ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെയാണ് മന്ത്രി ബാലന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന നിലപാടെടുത്തത്.

കുമ്മനത്തിന്റെ തീവ്രനിലപാടിനോട് തനിക്ക് യോജിപ്പില്ലാത്തതിനാല്‍ അവാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് ബാലന്‍ അറിയിച്ചത്.


Also read ഉമിനീരില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കാനാകില്ല; മണിയ്ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍


മരണാനന്തര ബഹുമതിയായി പി.ടി ഭാസ്‌കരപ്പണിക്കര്‍ക്കും കൂടാതെ കുമ്മനം രാജശേഖരന്‍, തെന്നല ബാലകൃഷ്ണപിള്ള, വിനോദ് വൈശാഖി, ജി.ശേഖരന്‍ നായര്‍, ആശാറാം മോഹന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ഉണ്ടായിരുന്നത്.

അവാര്‍ഡ് ചടങ്ങിനെ കുറിച്ച് മന്ത്രിയെ അറിയിച്ചപ്പോള്‍ വരാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും അത് അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ടതായും തുഞ്ചന്‍ ഭക്തി പ്രസ്ഥാന പഠന വേദി പറഞ്ഞു. എന്നാല്‍ പിന്നീട് തീവ്രവാദിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് പറയുകയായിരുന്നുവെന്നും പഠനവേദി ആരോപിക്കുന്നു.

പോയവര്‍ഷത്തെ കര്‍മ്മയോഗിയായ രാഷ്ടട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് കുമ്മനത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് പഠനവേദി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Advertisement