ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്ന് എ.കെ. ആന്റണി
Kerala
ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്ന് എ.കെ. ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2024, 8:27 pm

തിരുവനന്തപുരം: ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മകന്‍ അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കഴിഞ്ഞ വര്‍ഷം അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം ഇത് ആദ്യമായാണ് മകനെ കുറിച്ചുള്ള വിഷയത്തില്‍ എ.കെ. ആന്റണി പ്രതികരിക്കുന്നത്.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തന്റെ ആരോഗ്യം അനുവദിച്ചാല്‍ തീര്‍ച്ചയായും പ്രചരണത്തിന് ഇറങ്ങുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു തന്റെ പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം മകനെ കുറിച്ച് ഇനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് മകനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമോ എന്നതിന് കുറിച്ച് എ.കെ. ആന്റണി പ്രതികരിച്ചത്.

പത്തനംതിട്ടയില്‍ എ.കെ. ആന്റണിയുടെ പേര് പറഞ്ഞ് അനില്‍ ആന്റണി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അനില്‍ ആന്റണിക്ക് വേണ്ടിയല്ല, കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിക്ക് വേണ്ടിയാണ് എ.കെ. ആന്റണി പ്രചരണത്തിന് ഇറങ്ങുക എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെ അന്ന് പ്രതികരിച്ചിരുന്നു.

Content Highlight: ak antony said that if his health permits, he will campaign against Anil Antony in Pathanamthitta