ദയവ് ചെയ്ത് സത്യമെന്താണെന്ന് ഞങ്ങളോട് പറയൂ, എന്താണ് അവിടെ നടക്കുന്നത്; മോദിയോട് എ.കെ ആന്റണി
India-China Border
ദയവ് ചെയ്ത് സത്യമെന്താണെന്ന് ഞങ്ങളോട് പറയൂ, എന്താണ് അവിടെ നടക്കുന്നത്; മോദിയോട് എ.കെ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2020, 10:31 pm

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ വസ്തുത വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും തയ്യാറാകണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി എ.കെ ആന്റണി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലഡാക്കിലെ പ്രശ്‌നം എല്ലാ ദേശസ്‌നേഹികളേയും വേദനിപ്പിക്കുന്നതാണ്. അവിടെ രണ്ട് മാസമായി സംഘര്‍ഷം തുടരുകയാണ്. ദയവ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ദയവ് ചെയ്ത് സത്യമെന്താണെന്ന് ഞങ്ങളോട് പറയൂ, എന്താണ് അവിടെ നടക്കുന്നത്, എത്ര ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി, അവര്‍ നമ്മുടെ എത്ര പ്രദേശം കൈയേറിയിട്ടുണ്ട’, ആന്റണി ചോദിച്ചു.

ചൈനയുടെ പ്രകോപനത്തിന് എന്താണ് കാരണമെന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പറയണമെന്നും ആന്റണി പറഞ്ഞു. രാജ്യരക്ഷയുടെ കാര്യത്തില്‍ ഇവിടെയുള്ള എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ മരിക്കുകയോ ഗുരുതര പരിക്ക് ഏല്‍ക്കുകയോ ചെയ്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പി.ടി.ഐയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനീകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പത്തിലേറെ സൈനികരുടെ മരണം വാര്‍ത്താ എജന്‍സിയായ പി.ടി.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലും ആളപായമുണ്ടായെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച ചെയ്ത് വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്.

ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ