സിനിമക്കായി ഭക്ഷണം നിയന്ത്രിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടാണ്: അജു വര്‍ഗീസ്
Malayalam Cinema
സിനിമക്കായി ഭക്ഷണം നിയന്ത്രിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടാണ്: അജു വര്‍ഗീസ്
ഐറിന്‍ മരിയ ആന്റണി
Sunday, 11th January 2026, 2:30 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് അജു വര്‍ഗീസ്. ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അജു തുടക്കത്തില്‍ സൈഡ് റോളുകളിലാണ് തിളങ്ങിയത്. പിന്നീട് ക്യാരക്ടര്‍ റോളുകളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

സര്‍വ്വം മായയാണ് അജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ സാക് ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമക്കായി ഭക്ഷണം നിയന്ത്രിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് അജു പറയുന്നു.

‘ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് ധ്യാന്‍ എന്നെ വിളിച്ച് നല്ല വഴക്ക് പറഞ്ഞു. ആദ്യവും അവസാനവുമായിട്ട് ധ്യാന്‍ എന്നെ തെറിയും വഴക്കും പറഞ്ഞതാണ്. നല്ല വണ്ണമുണ്ടെന്ന് പറഞ്ഞ് അവനെ എന്നെ കൊന്നു. അന്ന് പോയി ഞാന്‍ ഒന്ന് മെലിഞ്ഞു. അത് ആ സിനിമക്ക് ഗുണം ചെയ്തു.

അഹമ്മദ് പറഞ്ഞിട്ട് കേരള ക്രൈം ഫയല്‍സിന് വേണ്ടി മെലിഞ്ഞു. ഇതിന് മുമ്പ് തട്ടത്തിന് മറയത്തിന് വേണ്ടിയും ഞാന്‍ എന്റെ ശരീരം ശ്രദ്ധിച്ചു. പക്ഷേ അത് നിലനിര്‍ത്താന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

ആ ജോലി കഴിയുമ്പോള്‍ റോള്‍ ചെയ്ത് കഴിഞ്ഞല്ലോ, ഇനിയും തിരിച്ച് വണ്ണം വെച്ചാലെ മിന്നല്‍ മുരളി പോലെ ഒരു സിനിമ ചെയ്യാന്‍ കഴിയുകയുള്ളു, എന്നൊരു കാഴ്ച്ചപാട് എനിക്കുണ്ട്. ഇതൊരു ലേസി എസ്‌കേപ്പിസമാണ് പക്ഷേ ഞാന്‍ അതില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല,’ അജു വര്‍ഗീസ് പറയുന്നു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ നിവിന്‍ പോളിയും അജുവും ഒന്നിച്ച പത്താമത്തെ സിനിമ കൂടിയായിരുന്നു. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 120 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.

ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.

Content Highlight:  Aju Varghese talks about his films and meditation

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.